ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു
Reading Time: 2 minutes
#ദിനസരികള്‍ 980

രാജ്യത്തോടു കൂറുപുലര്‍ത്തിക്കൊണ്ട് ചില പ്രത്യേക ജീവനക്കാരില്‍ നിന്നും ലഭിച്ച പ്രസ്താവനകളെ പ്രധാനമന്ത്രി അംഗീകരിച്ചിരുന്നോ എന്ന കാര്യം നമുക്കറിഞ്ഞു കൂടാ. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന പട്ടേലിനുള്ള തികച്ചും വ്യത്യസ്തമായ ഒരു കത്തില്‍ നെഹ്രു തന്റെ അഭിപ്രായത്തെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്.

“പാകിസ്താനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് തക്കതായ തിരിച്ചടി കൊടുക്കണമെന്നുള്ള ആവശ്യം നമുക്കു ചുറ്റും ഉയരുന്നതു കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതൊരു തരത്തിലും എന്നില്‍ സ്വാധീനം ചെലുത്തുന്നില്ല. എന്നുമാത്രവുമല്ല അത്തരത്തിലുള്ള ഏതൊരു നീക്കവും പാകിസ്താനെ എന്നപോലെ ഇന്ത്യയേയും നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.”

ആഭ്യന്തര മന്ത്രി രാജ്യത്തോടുള്ള കൂറു പ്രഖ്യാപിക്കാന്‍ വാശി പിടിക്കുമ്പോള്‍ പ്രധാനമന്ത്രിയാകട്ടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക്, സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ചിന്തിച്ചത്.

നെഹ്രു ഈ ആശയങ്ങളെക്കുറിച്ചും പട്ടേലിനും മറ്റു മുഖ്യമന്ത്രിമാര്‍ക്കും തുടര്‍ച്ചയായി എഴുതി. വിഭജനത്തിന്റെ മൂന്നുമാസത്തിനു ശേഷം എഴുതിയ ഒരു കത്ത് നോക്കുക.

“ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിംങ്ങള്‍ക്ക് അവര്‍ ആഗ്രഹിച്ചാല്‍ പോലും മറ്റെവിടേയും പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാരണം എണ്ണത്തില്‍ അവര്‍ അത്രമാത്രമുണ്ട് എന്നതുതന്നെയാണ്. ഇത് അവിതര്‍ക്കിതമായ വസ്തുതയാണ്. പാകിസ്താന്‍ അവരുടെ നാട്ടിലെ അമുസ്ലിംമായിട്ടുള്ളവരോട് എന്തു നിലപാട് സ്വീകരിച്ചാലും ഈ രാജ്യത്തെ ന്യൂനപക്ഷത്തോട് നാഗരികമായ സ്വഭാവസവിശേഷതകളോടുകൂടിയ പൗരബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നമുക്ക് പ്രവര്‍ത്തിച്ചു കൂടാ.

ഒരു ജനാധിപത്യ സമൂഹത്തിലെ പൌരന്മാര്‍ക്ക് ലഭ്യമാകുന്ന എന്ന അവകാശങ്ങളും സുരക്ഷയും അവര്‍ക്കും ലഭിച്ചിരിക്കണം. ഇക്കാര്യത്തില്‍ നാം പരാജയപ്പെട്ടാല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും ഒരു പക്ഷേ എന്നന്നേക്കുമായി നശിപ്പിക്കുന്നതുമായ ഒരു വിഷച്ചെടിയെയായിരിക്കും നാം വളര്‍ത്തുക.”

അതേ കത്തില്‍ തന്നെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിപത്തില്‍ നിന്നും പൊതുസേവനങ്ങള്‍ വിമുക്തമായിരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

കര്‍‌മ്മനിരതരായ ചില ഉദ്യോഗസ്ഥന്മാര്‍ പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കളും സിഖുകാരുമായിട്ടുള്ള അഭയാര്‍ത്ഥികള്‍ക്കു വേണ്ടി തങ്ങളുടെ വീടൊഴിഞ്ഞു കൊടുക്കണമെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെടുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഗാന്ധിയുടെ ജന്മദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രസ്തുത വിഷയത്തെ മുന്‍നിറുത്തി എണ്ണത്തില്‍ വലുതായ ഒരു ന്യൂനപക്ഷത്തിന്റെ മനസ്സില്‍ അനിശ്ചിതത്വവും സുരക്ഷിതത്വമില്ലായ്മയുമുണ്ടാക്കുന്ന ഒരു നീക്കവും അനുവദിച്ചു കൂടായെന്ന മുന്നറിയിപ്പ് നല്കി. ഇത് ഇന്ത്യയിലും കാശ്മരീലുമൊന്നുപോലെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു.

അന്യരാജ്യങ്ങളുടെ മുന്നില്‍ നമുക്ക് തലകുനിക്കേണ്ടിവരും. ചില വീടുകളോ കടകളോ ഏറ്റെടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടാകുന്നുവെന്നല്ല മറിച്ച് അത് തെറ്റായ രീതിയില്‍ ചെയ്താല്‍ അത് നമ്മുടെ ആന്തരികതയെ ബാധിക്കുകയും രാജ്യത്തെ മുറിപ്പെടുത്തുകയും ചെയ്യും.

ഈ വിഷയത്തില്‍ പാകിസ്താന്റെ രീതികളെ പ്രകോപനപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നിരുന്നാലും നമുക്ക് പാകിസ്താന്റെ രീതികളെ പിന്തുടരുക സാധ്യമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ ഒരു ഇസ്ലാമിക രാജ്യമാണെന്ന് തുറന്നു പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ആ നിലപാടിനെ തള്ളിക്കളയുകയല്ലാതെ നമുക്ക് നിവൃത്തിയില്ല. എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശം പ്രദാനം ചെയ്യുന്ന ഒരു മതേതര രാജ്യമാണ് നമ്മുടേത്. നാം നമ്മുടേതായ ആശയങ്ങളേയും നിലപാടുകളേയും മുറുകെപ്പിടിച്ചേ മതിയാകൂ. ഗാന്ധി ജീവിച്ചതും മരിച്ചതും എന്തൊക്കെ ആശയത്തിനു വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ട സുദിനമാണിന്ന്. ആ ആശയങ്ങളെ മുറുകെപ്പിടിക്കേണ്ട ബാധ്യത നമുക്കുണ്ട്.”
(തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement