Wed. Jan 22nd, 2025
തിരുവനന്തപുരം:

ഐഡി പ്രൂഫോ, അഡ്രസ്സ് പ്രൂഫോ ഇല്ലെങ്കിലും ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ തടസ്സമില്ല.  യുഐഡിഎഐ റജിസ്ട്രാർ അല്ലെങ്കിൽ റീജണൽ ഓഫീസ് നോട്ടിഫൈ ചെയ്യപ്പെട്ട വിഭാഗത്തിൽപ്പെട്ട ഇൻട്രൊഡ്യൂസർ, നിങ്ങളെ പരിചയപ്പെടുത്താനുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും.

ഗസറ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർമാർ, എംപി, എംഎൽഎ, കൗൺസിലർ, തഹസിൽദാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, അംഗീകൃത അനാഥാലയങ്ങളുടെയും ഷെൽട്ടർ ഹോമുകളുടെയും മേധാവികൾ എന്നിവരാണ് ഇൻട്രൊഡ്യൂസർ എന്ന വിഭാഗത്തില്‍പെടുന്നത്. ഇവർ നൽകുന്ന സർട്ടിഫിക്കറ്റിനു 3 മാസം കാലാവധിയുണ്ടാകും.

ഇതിനു പുറമേ അപേക്ഷന്‍റെ കുടുംബനാഥനും ഇൻട്രൊഡ്യൂസറാകാം. അപേക്ഷകൻ കുടുംബത്തിന്‍റെ റേഷൻ കാർഡ് ഉൾപ്പടെയുള്ള രേഖകളിൽ ഉണ്ടാകണമെന്നു മാത്രം. കുടുംബനാഥന് ആധാറുണ്ടായിരിക്കുകയും വേണം.

ആധാർ എൻറോൾമെന്‍റ് കേന്ദ്രത്തിൽ നിന്നു വാങ്ങിയ ആധാർ ഫോം പൂരിപ്പിച്ചു നൽകുകയാണ് വേണ്ടത്. ഫോമിന്‍റെ ഒടുവിൽ ഇൻട്രൊഡ്യൂസർക്കു സാക്ഷ്യപ്പെടുത്താൻ ഇടമുണ്ട്. ഇതിനു ശേഷം വിരലടയാളം, ഐറിസ് എന്നിവ നൽകി പ്രക്രിയ പൂർത്തിയാക്കാം. കുടുംബനാഥനാണു സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ ഐഡി പ്രൂഫുമായി അദ്ദേഹവും അപേക്ഷകനോടൊപ്പം എൻറോൾമെന്‍റ് സെന്‍ററില്‍ നേരിട്ടെത്തണം.