റിയാദ്:
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് 24 വർഷം കഠിനതടവ് വിധിച്ചതായും മൂന്ന് പേരെ വെറുതെ വിട്ടതായും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള അഞ്ച് പേർക്കാണു വധശിക്ഷയെന്നു റിയാദ് ക്രിമിനൽ കോടതി വ്യക്തമാക്കി. കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ച മൂന്ന് പേർക്കാണു കഠിനതടവ്.
തുർക്കി ഇസ്താംബുളിലെ സൗദി കോൺസൽ ജനറൽ മുഹമ്മദ് അൽ ഉതൈബിക്കു കേസിൽ പങ്കില്ലെന്നും കോടതി കണ്ടെത്തി. കൊലപാതകം നടക്കുമ്പോൾ ഉതൈബി തങ്ങളോടൊപ്പം ഉണ്ടായിരുന്നെന്ന് തുർക്കിക്കാരായ സാക്ഷികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വെറുതെ വിട്ടത്.
സംഭവത്തില്‍ 31 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 21 പേരെ അറസ്റ്റ് ചെയ്യുകയും 11 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കൊലപാതകം ആസൂത്രിതമായിരുന്നില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഖഷോഗിയുടെ കുടുംബാംഗങ്ങൾ വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
പ്രതികളുടെ പേര് വെളിപ്പെടുത്താതെയായിരുന്നു കോടതി ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, യുഎൻ അന്വേഷണത്തിൽ 11 പ്രതികളുടെയും പേര് വ്യക്തമാക്കിയിരുന്നു. സൗദി ഭരണകൂടത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മുതിർന്ന ഇന്റലിജന്‍സ് ഓഫീസർ മഹർ അബ്ദുൽ അസീസ് മുത്രബ് ആണ് മുഖ്യ ആസൂത്രകന്‍ എന്നായിരുന്നു യുഎൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സർക്കാർ ഫൊറൻസിക് വിദഗ്ദ്ധൻ സലാ മുഹമ്മദ് തുബൈജി, സൗദി കൊട്ടാരത്തിലെ സുരക്ഷാസേനയിൽ അംഗങ്ങളായ ഫഹദ് ഷബീബ് അൽ ബലാവി, വലീദ് അബ്ദുല്ല അൽ ഷെഹ്‌രി തുടങ്ങി 11 പ്രതികളുടെയും പേര് യുഎൻ പുറത്തുവിട്ടിരുന്നു. സൗദി ഭരണകൂടത്തിന്റെ ഉപദേഷ്ടാവായിരുന്ന സൗദ് അൽ ഖഹ്താനി, ഇന്റലിജൻസ് ഉപമേധാവി അഹമ്മദ് അൽ അസീരി എന്നിവരാണ് കേസിൽ കുടങ്ങാതെ രക്ഷപ്പെട്ട 2 പ്രധാനികൾ.
സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ഖഷോഗി കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. വാഷിങ്ടൻ പോസ്റ്റിൽ കോളമിസ്റ്റ് ആയിരുന്ന ഖഷോഗി തന്റെ വിവാഹാവശ്യത്തിനായുള്ള രേഖകൾ വാങ്ങാൻ കോൺസുലേറ്റിൽ പ്രവേശിച്ചപ്പോഴായിരുന്നു കൊലപാതകം.
സൗദി സർക്കാരിന്റെ ഒത്താശയോടെയാണു ഖഷോഗിയെ വധിച്ചതെന്ന് ആരോപണമുയർന്നതു രാജ്യാന്തരതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു. യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടിന് വിപരീതമായി, പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്കിടയാക്കിയതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കൊല നടത്തിയവര്‍ക്ക് ശിക്ഷ നല്‍കിയെങ്കിലും, ആസൂത്രണം ചെയ്തവരെ ഒഴിവാക്കിയ നടപടിയെ യുഎൻ അന്വേഷണോദ്യോഗസ്ഥ ആഗ്നസ് കലമാർഡ് കുറ്റപ്പെടുത്തി. അന്വേഷണവും വിചാരണയും പ്രഹസനമായിരുന്നെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും വിധിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.