Wed. Dec 18th, 2024
#ദിനസരികള്‍ 979

ആഗ്രയിലെ മുസ്ലീങ്ങള്‍ വിഭജിതരായിരുന്നു. പഞ്ചാബില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നിരുന്നു. ബോംബേയില്‍ നിന്നും മറ്റു തെക്കുദേശങ്ങളില്‍ നിന്നുമുള്ള ബുദ്ധിജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ സാധാരണ തൊഴിലാളികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ തന്നെ നിലനിന്നു. ഒരു പുതിയ അന്തരീക്ഷത്തില്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ആലോചിക്കുമ്പോള്‍തന്നെ അവര്‍ക്ക് അസാധ്യമായി തോന്നി. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം പാകിസ്താന്‍ ഒരു അപരഗ്രഹമായിരുന്നു.

പാകിസ്താനിലെ ഔദ്യോഗിക ഭാഷയായ ഉറുദു സംസാരിക്കുന്ന യുപിയിലെ മുസ്ലിംങ്ങള്‍ക്ക് ഒരു ട്രെയിനില്‍ കയറി ഏതുസമയത്തും അവിടേക്ക് കടക്കാമായിരുന്നു. പലരും പോയി, മറ്റുള്ളവര്‍ ഇവിടെത്തന്നെ നിന്നു.

യുപിയിലെ മുസ്ലീംകുടുംബങ്ങളും എഎസ്ഐ യിലെ ജീവനക്കാരുടെ കുടുംബമെന്നപോലെതന്നെ വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ ശത്രുരാജ്യമായി പരിഗണിക്കപ്പെടുന്ന ഒരിടത്ത് സ്വന്തക്കാരുള്ള ജീവനക്കാരോട് ഒരു മമതയുമുണ്ടായിരുന്നില്ല. ഒന്നുകില്‍ അവരെ തിരിച്ചു കൊണ്ടുവരിക, അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചു.

ബന്ധുക്കളെല്ലാം പാകിസ്താനിലായ ഷംസുദ്ദീന്‍‌ എന്നുപേരുള്ള ഒരു ഖാദിം തന്റെ സ്വത്തുക്കളെല്ലാം വിറ്റത് മേലുദ്യോഗസ്ഥനെ സംശയാലുവാക്കിമാറ്റി. 1948 ഡിസംബര്‍ എട്ടിന് അദ്ദേഹമെഴുതിയ നിരാശജനകമായ ഒരു കത്തില്‍ തനിക്ക് പാകിസ്താനിലേക്ക് പോകാന്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.

അയാള്‍ തന്റെ വീടു വില്ക്കാന്‍ നാലു കാരണങ്ങളുണ്ടായിരുന്നു. 1. ബന്ധുക്കള്‍ക്ക് കൊടുക്കാനുള്ള കടം 2. പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കേണ്ടതുണ്ട്. 3. വീടു നല്കിയിരുന്ന അഭയാര്‍ത്ഥികളായ വാടകക്കാര്‍ അത് വൃത്തിയായി നോക്കാത്തതുകൊണ്ട്. 4.തന്റെ സ്വന്തം മക്കള്‍ പാകിസ്താനിലേക്ക് പോയതിനാല്‍ തന്റെ അവസാന ചടങ്ങുകള്‍ക്കു വേണ്ടി തയ്യാറാകണമെന്നുള്ളതുകൊണ്ട്.

സൂപ്രണ്ടാകട്ടെ ഷംസൂദ്ദീന്റെ അവസ്ഥ വിശ്വാസത്തിലെടുത്തില്ലെന്ന് മാത്രവുമല്ല, രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറു തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍‌ ആവശ്യപ്പെടുകയാണുണ്ടായത്. അദ്ദേഹം പാകിസ്താനിലേക്ക് പോയി തന്റെ അവിവാഹിതകളായ രണ്ടു പെണ്‍കുട്ടികളേയും മരണപ്പെട്ട ഒരു മകളുടെ രണ്ടു മക്കളേയും തിരിച്ചു കൊണ്ടുവന്നതായി 1494 ജൂണ്‍ പതിമൂന്നിലെ രേഖ പറയുന്നു. അവരുടെ മുകളില്‍ അയാള്‍ക്ക് നിയന്ത്രണമുണ്ടാകുമല്ലോ !

അക്കാലങ്ങളിലെ രേഖകള്‍ പരസ്യമാക്കപ്പെട്ടാല്‍ രാജ്യത്തോടുള്ള കൂറു തെളിയിക്കാന്‍ ഇത്തരത്തിലുള്ള പല വിധ തെളിവു നിരത്തലുകളുടേയും സങ്കടകഥ നമുക്ക് കണ്ടെത്താന്‍ കഴിയും. അതില്‍ പലതും മേലുദ്യോഗസ്ഥന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നതിന്റെ ഫലമായിരുന്നുവെന്നതാണ് വാസ്തവം.

ഈയടുത്ത കാലത്ത് ഒരു ഗവേഷകന്‍ 1951 ല്‍ ചില മുസ്ലിം ആട്ടിടയന്മാര്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലം കണ്ടെത്തി. പാകിസ്താനിലെ സിന്ധ് പ്രവശ്യയോട് ചേര്‍ന്നു കിടക്കുന്ന ഗുജറാത്തിലെ കച്ചില്‍ നിന്നുമായിരുന്നു അത് കണ്ടെത്തിയത്. ‘ഞങ്ങള്‍ ഇന്ത്യ സര്‍ക്കാറിനോട് കൂറും വിധേയത്വവുമുള്ളവരാണ്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി ജീവത്യാഗം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്’ എന്നായിരുന്നു ചീഫ് കമ്മീഷണര്‍ക്കായി എഴുതിയ ആ കത്തില്‍ വ്യക്തമാക്കിയിരുന്നത്.
(തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.