Wed. Jan 22nd, 2025
സദിയ, ആസാം:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമ്പോൾ, പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്, സദിയ മുതൽ ധുബ്രി വരെ 800 കിലോമീറ്ററോളം നീളുന്ന പദയാത്ര ഞായറാഴ്ച തുടങ്ങി.

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയ്ക്കടുത്താണ്, ആസ്സാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ധുബ്രി സ്ഥിതിചെയ്യുന്നത്. സദിയ ആസ്സാമിലെ കിഴക്കുള്ള പട്ടണമാണ്.

“ഈ നിയമം ആസാം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്തണം. ഇത് ആസ്സാമിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും എതിരാണ്. കോൺഗ്രസ്സ് പാർട്ടി ആസ്സാമിലെ ജനങ്ങൾക്കൊപ്പമാണ്.” ആസ്സാമിലെ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റിപുൻ ബോറ പറഞ്ഞു.

ഈ നിയമം പിൻ‌വലിക്കുന്നതുവരെ പ്രതിഷേധം തീക്ഷ്ണമാക്കുമെന്ന് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സാം സ്റ്റാഫോർഡിന്റെ ഓർമ്മയ്ക്കായി ഒരു യോഗം ഗുവാഹത്തിയിൽ ഞായറാഴ്ച നടന്നു. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ നേതാക്കൾ, പ്രമുഖവ്യക്തികൾ, എഴുത്തുകാർ, കലാകാരന്മാർ, ആസാമിലെ ജനങ്ങൾ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തുകൊണ്ട് സർക്കാരിന്റെ പൈശാചികതയെ നിന്ദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ, ആസ്സാമിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.