Sun. Dec 22nd, 2024
ന്യൂഡൽഹി:

 
രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം തിരിച്ചു പിടിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ ഉടനടി പിൻവലിക്കണമെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും ഭരണഘടനയുടെ വികാരത്തിനെതിരാണെന്നും അദ്ദേഹം ആരോപിക്കുന്നു. ട്വീറ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഗുഹയെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നാണ് അറസ്റ്റിനു ശേഷം രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചത്. പോലീസ് പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

“ഞാന്‍ സെക്ഷന്‍ 144 ലംഘിച്ചിട്ടില്ല. സെക്ഷന്‍ 144 അടിച്ചേല്‍പ്പിക്കാന്‍ യാതൊരു കാരണവുമില്ല. ഇത് ഡൽഹിയിൽ നിന്നുണ്ടായ നീക്കമാണെന്ന് ഞാന്‍ സംശയിക്കുന്നു. എന്തുചെയ്യണമെന്ന് ഡൽഹിയിൽ നിന്ന് ബെംഗളൂരുവിനോട് ഉത്തരവിട്ടു,” രാമചന്ദ്ര ഗുഹ പറഞ്ഞു.

“വിവിധ മതവിഭാഗത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു, അവരുടെ വസ്ത്രത്തില്‍ നിന്ന് അവര്‍ പൗരന്മാരാണോ അതോ ദേശവിരുദ്ധരാണോ എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല,” രാമചന്ദ്ര ഗുഹ പ്രതികരിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുകയാണ്.