Mon. Dec 23rd, 2024
കൊച്ചി:

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്നിന്‍റെകാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം, ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലം തയാറല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സുരേഷ് കുമാര്‍ പറഞ്ഞു.

വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിങ്ങും പൂര്‍ത്തിയാക്കാതെ ഷെയ്നിന്‍റെ പുതിയ സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍മ്മാതാക്കള്‍ മാപ്പ് പറയാതെ വിട്ട് വീഴ്ചയ്ക്കിലെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഷെയ്ന്‍ നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ ക്ഷമാപണവുമായി നേരത്തെ രംഗത്തുവന്നിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമായിരുന്നു താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മനോരോഗി പരാമശത്തെ തുടര്‍ന്ന് ഷെയ്നുമായുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സംഘടനകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഷെയ്നിന്‍റെ ഖേദപ്രകടനം.

 

By Binsha Das

Digital Journalist at Woke Malayalam