ന്യൂഡല്‍ഹി:
പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രശസ്ത ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യം തനിക്ക് നല്‍കി ആദരിച്ച ഈ പുരസ്കാരം കെെവശം വെയ്ക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉറുദ്ദു സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2007ലാണ് മുജ്തബ ഹുസൈന് നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.
“ഇത്തരത്തിലുള്ള അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഞാൻ രാജ്യത്ത് കണ്ടിട്ടില്ല. വിഭജന സമയത്ത് ജീവിച്ചിരുന്നയാളാണ് ഞാൻ, പക്ഷേ മുസ്‌ലീങ്ങൾക്കെതിരെ ഇന്ന് കാണുന്നത്രയും വിദ്വേഷം അന്ന് ഉണ്ടായിരുന്നില്ല”- മുജ്തബ ഹുസൈൻ പറഞ്ഞു.
രാജ്യത്തിന്‍റെ അരക്ഷിതാവസ്ഥയും, ഭയാന്തരീക്ഷവും അസ്വസ്ഥത സൃഷിടിക്കുന്നുണ്ടെന്നും, നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാവിലെ 7 മണിക്ക് ചിലര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം പടരുകയാണെന്നും മുജ്തബ പറയുന്നു.
ഈ ഒരു സാഹചര്യത്തില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം താന്‍ തിരിച്ച് നല്‍കാന്‍ പോകുകയാണെന്നും ഈ കാര്യം ബോധ്യപ്പെടുത്തുന്നതിനായി കേന്ദ്രത്തിന് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.