Sun. Jan 19th, 2025

ന്യൂ ഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് എഴുപത്തിയഞ്ചിലധികം തവണ കണ്ണീർവാതക ബോംബ് പ്രയോഗിച്ചെന്നു പോലീസിന്റെ എഫ്ഐആർ. സമരക്കാരെ പിരിച്ചു വിടാനാണ്  ടിയർ ഗ്യാസ് പ്രയോഗിച്ചതെന്നാണ് പോലീസ് ന്യായം.

പ്രതിഷേധക്കാരുടെ കൂട്ടത്തിലെ വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധരും അടങ്ങുന്ന എട്ടോളം പേര്‍ സര്‍വകലാശല ഗേറ്റിനകത്തു നിന്ന് പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനും വേണ്ടിയാണ് ജാമിയ ക്യാംപസിനകത്ത് പോലീസ് പ്രവേശിച്ചതെന്നാണ്  വിശദീകരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ പോലീസ് തല്ലിചതച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന സര്‍വ്വകലാശാലയുടെ നിയമം ലംഘിച്ചാണ് ജാമിയയിൽ പൊലീസ് പ്രവേശിച്ചതെന്നു സര്‍വകലാശാലാ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം ഇപ്പോഴും തുടരുകയാണ്.