ന്യൂഡല്‍ഹി:
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിശേഷണം നല്‍കി വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിവിനൊപ്പം പുലര്‍ത്തുന്ന ഗെയിമിനോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ് ഇരു താരങ്ങളും തമ്മിലുള്ള സാമ്യമെന്നും ലാറ വ്യക്തമാക്കി.
ബാറ്റിംഗിനെ അവിശ്വസനീയമായ തലത്തിലേക്ക് കൊണ്ടുപോകാന്‍ വിരാട് കോഹ്ലിക്ക് കഴിയുന്നുണ്ടെന്നും, ഇത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അത്ഭുപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കെ.എൽ.രാഹുലിനേക്കാളുമോ രോഹിത് ശർമയെക്കാളുമോ വളരെ മികച്ച കഴിവുകളൊന്നും കോഹ്ലിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ മികച്ച പ്രകടനങ്ങൾ ഒരുക്കാൻ കോഹ്‌ലി കാണിക്കുന്ന പ്രതിബദ്ധത വളരെ വലുതാണ്. ഇത് എന്നെ ശരിക്കും അതിശയിപ്പിക്കുന്നു. അതുകൊണ്ട് ക്രിക്കറ്റിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം നിൽക്കുന്ന താരമായി കോഹ്‌ലിയെ പലപ്പോഴും തോന്നിയിട്ടുണ്ട്,”ലാറ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കോഹ്ലിയുടെ കായികക്ഷമതയും, മാനസിക ബലവും അവിശ്വസനീയമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും 50 റൺസിലധികം ശരാശരിയിൽ ബാറ്റുവീശുകയെന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും ലാറ വ്യക്തമാക്കി.
എഴുപതുകളിലെ ക്ലീവ് ലോഡ്സിന്റെ അൺബീറ്റബിൾ ടീമിലും, ഡോൺ ബ്രാഡ്മാന്റെ ഇൻവിസിബിൾ ടീമിലുമെല്ലാം കോഹ്‌ലിക്ക് സ്ഥാനമുണ്ടെന്നും ഇതിഹാസ താരം പറഞ്ഞു.