Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

ഇന്ത്യയില്‍ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി കുമാര്‍ ഉപാധ്യായ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്‌ തള്ളിയത്.

മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച്‌ വിജ്ഞാപനമിറക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍,  സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്നായിരുന്നു ഹര്‍ജി പരിഗണിച്ച കോടതി പറ‍ഞ്ഞത്.

മതം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ നിര്‍ണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന്, മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി പറ‍ഞ്ഞു.

ഈ വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് അദ്ദേഹം കോടതിയിലെത്തി അറിയിക്കുകയും ചെയ്തിരുന്നു.