Wed. Dec 18th, 2024
#ദിനസരികള്‍ 972

ഇങ്ങനെ രാഷ്ട്രീയമായ പലവിധ കാരണങ്ങള്‍‌കൊണ്ട് തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലായിരുന്ന ഒരു സമൂഹത്തിലേക്കാണ് ഹിന്ദു–മുസ്ലിം മതവിശ്വാസികള്‍ക്ക് മതനഷ്ടം എന്ന ഭയമുണ്ടാക്കുന്ന തരത്തിലുള്ള ചില നടപടികള്‍ ബ്രിട്ടീഷ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

ഡോ.കെ.കെ.എന്‍. കുറുപ്പ് എഴുതുന്നു “പരമ്പരാഗതമായി സൈനിക സേവനം അനുഷ്ഠിച്ചു വന്ന ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത വിഭാഗങ്ങളായിരുന്നു നാട്ടു പട്ടാളക്കാര്‍. പത്താൻ, ജാട്ട്, മറാട്ട, രാജപുത്, തുടങ്ങിയ പല വിഭാഗങ്ങളും ഇവരില്‍ ഉള്‍‌പ്പെട്ടു. അവരുടെ ജാതി സംബന്ധിച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിറുത്തുവാന്‍ കമ്പനി അനുവദിക്കുയും ചെയ്തിരുന്നു.

എന്നാൽ കമ്പനിയുടെ സാമ്രാജ്യമോഹം വര്‍ധിച്ചു വന്നതോടെ ഇവരെ വിദേശങ്ങളിലും ഉപയോഗപ്പെടുത്തി. എന്നാൽ വിദേശ ബത്ത ഒഴിവാക്കുകയും കാളകളുടെ കടത്തുകൂടി തടയുകയും ചെയ്തു. ഉയർന്ന ജാതിക്കാര്‍ക്ക് കടല്‍ കടക്കുക നിഷിദ്ധമായിരുന്നു.”

പരമാവധി മുതലെടുക്കുക എന്ന നയം സ്വീകരിച്ചു പോന്ന കമ്പനി അതുവരെ സൈനികരോട് പുലര്‍ത്തിപ്പോന്നിരുന്ന സഹിഷ്ണുതാഭാവം തിരുത്തുന്നതാണ് പിന്നീട് കാണുന്നത്. വിശ്വാസപരമായ നിഷ്ഠകളെ തീരെ മാനിക്കാതെ പട്ടാളക്കാരെ ആവശ്യാനുസരണം സ്ഥലം മാറ്റി വിന്യസിക്കുവാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്.

അതോടൊപ്പം തന്നെ കൃസ്ത്യന്‍ മിഷണറി മാര്‍ക്ക് ആവോളം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചതും കൂടി ചേര്‍ത്തുവായിക്കണം. സൈനിക കേന്ദ്രത്തിനുള്ളില്‍ത്തന്നെ പള്ളികള്‍ സ്ഥാപിച്ചും മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കിയും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടി. 1850 ലെ XXI ആം നമ്പര്‍ നിയമപ്രകാരം ഏതു മതം സ്വീകരിച്ചാലും ഇന്ത്യക്കാരന്റെ സ്വത്തുസമ്പാദ്യങ്ങള്‍ നഷ്ടപ്പെടുകയില്ലെന്നു കൂടി വന്നതോടെ മതംമാറ്റം ത്വരിതപ്പെടാനുള്ള സാഹചര്യങ്ങള്‍ സംജാതമായി.

മാത്രവുമല്ല കൃസ്തുമതം സ്വീകരിച്ചവര്‍ക്ക് മറ്റു ഇന്ത്യന്‍ സൈനികരെക്കാള്‍ “മാന്യതയും പരിഗണനയും”ലഭിക്കുന്നുവെന്നതും പരിവര്‍ത്തനത്തിനുള്ള പ്രലോഭനമായി. “കല്കത്തയില്‍ നിന്നും എഡ്മണ്ട് എന്നൊരു മിഷനറി ഒരു ഭരണത്തിനു കീഴില്‍ ഒരേ മതമായ ക്രിസ്തുമതം എല്ലാവരും സ്വീകരിക്കണമെന്ന ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തിൽ മതപരിവര്‍ത്തനത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ കാനിംഗ് പ്രഭു ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മിഷനറി പത്രംതന്നെ നിരോധിച്ചു”വെന്ന് ആര്‍ ബി ശര്‍മ്മയെ ഉദ്ധരിച്ച് കുറുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഏതുസമയത്തും ഒരു കലാപം പൊട്ടിപ്പുറപ്പെടാമെന്ന സാഹചര്യം നിലനില്ക്കുമ്പോഴാണ് തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകളെക്കുറിച്ച് പുതിയ വിവാദം ഉടലെടുക്കുന്നത്. കടിച്ചു തുറക്കേണ്ടിയിരുന്ന അവയില്‍ വ്യാപകമായി പശുവിന്റേയും പന്നിയുടേയും കൊഴുപ്പാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നതായിരുന്നു ആ വിവാദം.

വിശ്വാസപരമായ കാരണങ്ങളാല്‍ അതുരണ്ടും യഥാക്രമം ഹിന്ദുവിന്റേയും മുസല്‍മാന്റേയും വിശ്വാസങ്ങളെ മുറിപ്പെടുത്തി. തങ്ങളെ മതഭ്രഷ്ടരാക്കി ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇന്ത്യക്കാരായ സൈനികരുടെയിടയില്‍ ഇത് വ്യഖ്യാനിക്കപ്പെട്ടത്. ഇത് പൊടുന്നനെ ഒരു ബ്രിട്ടീഷുവിരുദ്ധ മുന്നേറ്റത്തിന് കളമൊരുക്കി.

“1857 മെയ് മാസം പത്താംതീയതി മീററ്റില്‍ വെച്ചാണ് ആദ്യമായി ലഹള ആരംഭിച്ചത്. ഇതിനു മുമ്പുതന്നെ ബാരക്ക്പൂരില്‍ ഒരു ലഹളയുണ്ടായി. ഇതിലെ പ്രധാനിയായ മംഗല്‍ പാണ്ഡേയെ മാര്‍ച്ച് 29 1857 – ല്‍ തൂക്കിലിട്ടു. മീറത്തിൽ ലഹള ആരംഭിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇംഗ്ലീഷുകാര്‍ വധിക്കപ്പെടുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

മീറത്തിൽ തുടങ്ങിയ കലാപം വളരെ വേഗത്തില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്ന്നു പിടിച്ചു”വെന്ന് ഇന്ത്യാ ചരിത്രത്തില്‍ എ ശ്രീധരമേനോന്‍ രേഖപ്പെടുത്തുന്നു.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.