Sun. Jan 19th, 2025
കൊച്ചി:

 
മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ ‘അസുരന്‍’ എന്ന തന്റെ തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കും പ്രീയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തന്‍റേതായ അഭിനയ മികവ്കൊണ്ട് എന്നും കെെയ്യടി നേടുന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുകയാണ്.

രണ്ട് ഭാഷകളില്‍ ചെയ്ത രണ്ട് ചിത്രങ്ങൾക്ക്, രണ്ട് പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മ‌ഞ്ജു വാര്യര്‍. ലൂസിഫർ, അസുരൻ എന്നീ ചിത്രങ്ങളിലെ അഭിനയമികവിനാണ് താരം പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പ്രകടനത്തിന് ബിഹെെന്‍ വുഡ്സാണ് താരത്തിന് പുരസ്കാരം നല്‍കി ആദരിച്ചത്.

പുരസ്കാരം നേടിയ വിവരം മഞ്ജു വാര്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ലൂസിഫറിലേയും അസുരനിലെയും എല്ലാവരേയും ഓർക്കുന്നുവെന്ന് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B6DOd14pZ9C/?utm_source=ig_web_copy_link

വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അസുരനിലൂടെയായിരുന്നു മഞ്ജു തമിഴിലേക്കും ചുവടുവെച്ചത്. അരങ്ങേറ്റ ചിത്രമായ അസുരനില്‍ ധനുഷ് അവതരിപ്പിച്ച ശിവസാമി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ തങ്കം ആയാണ് മഞ്ജു എത്തിയത്.

By Binsha Das

Digital Journalist at Woke Malayalam