ന്യൂഡല്‍ഹി:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ആക്രമിച്ച ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെയോർത്താണ് തന്റെ ഉത്കണ്ഠയെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു.
‘രാഷ്ട്രീയ നാടകങ്ങള്‍ ഇങ്ങനെ തുടരുക തന്നെ ചെയ്യും. എന്നാൽ എന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ത്ഥികളെക്കുറിച്ചോര്‍ത്താണ്.’ ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു. ജാമിയ മിലിയ, ജാമിയ പ്രതിഷേധം എന്നീ ഹാഷ്ടാഗുകളും ചേർത്താണ് പഠാന്‍ ട്വീറ്റ് ചെയ്തത്.
വലിയ അക്രമ സംഭവങ്ങളാണ് ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച അരങ്ങേറിയത്. കോളേജ് ക്യാമ്പസിനകത്തേക്ക് അനുവാദം കൂടാതെ അതിക്രമിച്ച് കടന്ന പോലീസ് സന്നാഹം വിദ്യാര്‍ത്ഥികളെ യാതോരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും, വിദ്യാർത്ഥികളെ ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.