Sun. Dec 22nd, 2024

മാഡ്രിഡ്:

പാരിസ് ഉച്ചകോടിയിലെ പോരായ്മകള്‍ പരിഷ്‌കരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാതെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25് സമാപിച്ചു.

രണ്ടാഴ്ച നീണ്ടു നിന്ന ചര്‍ച്ചയില്‍ ആഗോള കാലാവസ്ഥ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങളൊന്നും ഉയര്‍ന്നു വന്നില്ല.

കാലാവസ്ഥാമാറ്റം തടയാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ചര്‍ച്ചകള്‍ തൃപ്തികരമല്ലെന്നും, കക്ഷികള്‍ ഉണ്ടാക്കിയ കരാറുകള്‍ പര്യാപ്തമല്ലെന്നും സമ്മേളനത്തിന്റെ അധ്യക്ഷ ചിലിയന്‍ പരിസ്ഥിതി മന്ത്രി കരോലിന ഷ്മിത് പറഞ്ഞു.

200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയുടെ ആസൂത്രിത സമയപരിധിക്ക് ശേഷം 40 മണിക്കൂറിലധിക നേരം ചര്‍്ച്ച നടത്തി.

25 വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചര്‍ച്ചയാണ് ഇത്തവണ ഉണ്ടായത്.

കാര്‍ബണ്‍ ഉപയോഗത്തിന്റേയും പുറന്തള്ളലിന്റേയും അളവ് നിയന്ത്രിക്കുന്നതിനുള്ള കച്ചവട മാത്യകയായ കാര്‍ബണ്‍ വിപണി നടപ്പാക്കുന്നതിന് നടത്തിയ ചര്‍ച്ചയും തര്‍ക്കത്തില്‍ കലാശിച്ചു.

ഇതോടെ കാര്‍ബണ്‍ വിപണി സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളുന്നത് അടുത്ത വര്‍ഷം ഗ്ലാസ്ഗോയില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് മാറ്റി.

വരള്‍ച്ചയിലും കാലാവസ്ഥ വ്യതിയാനത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്നിവ നേരിടുന്ന ചെറുരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു.

കാലാവസ്ഥ പ്രതിസന്ധി ലഘൂകരിക്കാനും അതിന് സാമ്പത്തികമായി എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ചര്‍ച്ചകള്‍ നടത്താനും കിട്ടിയ സുവര്‍ണാവസരം നമ്മള്‍ നഷ്ടപ്പെടുത്തിയെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചു.

‘യൂറോപ്പിന് വീണ്ടും വനനശീകരണം നടത്തണമെന്ന് പ്രമേയം വല്ലതും വന്നിട്ടുണ്ടോ, അതോ അവര്‍ ബ്രസീലിനെ ശല്യപ്പെടുത്തുകയാണോ?’ആമസോണ്‍ കാടുകള്‍ കത്തിനശിക്കുന്നതിലെ നിരാശ വ്യക്തമാക്കിക്കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോള്‍സൊനാരൊ ചോദിച്ചു.

അതേസമയം, മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെ ലോകനേതാക്കള്‍ അവഗണിച്ചുവെന്ന് ആരോപിച്ച് യുവാക്കളുടെ ബഹുജന പ്രകടനങ്ങള്‍ നടന്നു. ചിലര്‍ കോണ്‍ഫറന്‍സ് ഹാളിനുള്ളില്‍ പ്രതിഷേധം നടത്തി.