Mon. Dec 23rd, 2024

തിരുവനന്തപുരം:

ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആകാശത്ത് സമ്മാനമൊരുക്കി വെച്ചിരിക്കയാണ് സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്ന്. ഇത്തവണ വലയഗ്രഹണമാണ് ശാസ്ത്രലോകത്തിനുള്ള സമ്മാനം.

സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.

സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് വലയഗ്രഹണത്തിന്റെ പൂര്‍ണമായ കാഴ്ചയുള്ള പാത കടന്നുപോകുന്നത്.

ഈ പാതയുടെ ഇരുവശത്ത് നിന്നും ഇതേസമയത്ത് തന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം. അന്നേദിവസം ചന്ദ്രന്‍ സൂര്യനെ മറയ്ക്കുമ്പോള്‍ സൂര്യബിംബത്തെ കാണാനാവുക വലിയൊരു വളയുടെ രൂപത്തിലാണ്.

രാവിലെ എട്ടുമുതല്‍ 11.15 വരെയാണ് വടക്കന്‍ കേരളത്തില്‍ ഗ്രഹണം കാണാവുന്ന സമയം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യം ദൃശ്യമാവുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.

വടക്കന്‍ കേരളത്തിലല്ലാതെ ഇതേസമയത്ത് തെക്കന്‍ കര്‍ണാടകത്തിലും മധ്യ തമിഴ്‌നാട്ടിലും വലയഗ്രഹണം കാണാം.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയില്‍ കാണാം.

മലപ്പുറും, പാലക്കാട് ജില്ലകളുടെ ചില സ്ഥലങ്ങളിലും മറ്റു ജില്ലകളില്‍ വലയത്തിന് പകരം ചെറിയ ചന്ദ്രക്കല പോലെയും സൂര്യനെ കാണാം.

സൂര്യഗ്രഹണം പുതിയ കാഴ്ചയല്ലെങ്കിലും ഒരു നിശ്ചിത പ്രദേശത്ത് നടക്കുന്നത് വലിയ ഇടവേളക്കിടയിലായതിനാല്‍, ഇന്ത്യയുടെ പല ഭാഗത്ത് നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും സൂര്യഗ്രഹണം കാണാന്‍ വടക്കന്‍ കേരളത്തിലേക്കെത്താന്‍ സാധ്യതയുണ്ട്.

ഇനി അടുത്ത വലയസൂര്യഗ്രഹണം ഉണ്ടാകുമെന്ന് ശാസ്ത്രലോകം കണക്കാക്കുന്നത് 2031 മെയ് 21നാണ്. കേരളത്തില്‍ കാണാവുന്ന അടുത്ത പൂര്‍ണ സൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിനും.

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണം.

ഗ്രഹണസമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണിന് ഹാനികരമാണ്. ടെലിസ്‌കോപ്പിലൂടേയും സൗരകണ്ണടകള്‍ ഉപയോഗിച്ചുവേണം സൂര്യനെ നോക്കാന്‍.

ശാസ്ത്രലോകം അപൂര്‍വാവസരമായാണ് ഇത്തവണത്തെ വലയസൂര്യഗ്രഹണത്തെ കാണുന്നത്. എന്നാല്‍ ഗ്രഹണസമയത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ത്ഥമോ മാരകരശ്മികളോ സൃഷ്ടിക്കപ്പെടുന്നില്ല. ഈ സമയം പുറത്തിറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ യാത്രചെയ്യുന്നതോ അപകടകരമല്ലെന്നും അറിഞ്ഞിരിക്കണം. യുക്തിയോടെ സൂര്യഗ്രഹണത്തിന്റെ അത്യപൂര്‍വ മനോഹാരിത കാണുവാന്‍ സാധിക്കുന്ന നിമിഷമാണിതെന്നാണ് ശ്ാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.