ജര്‍മനി:
ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രതിഷേധവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍. ചെെനയില്‍ ഈ മുസ്ലീം വിഭാഗം നേരിടുന്ന ക്രൂരമായ പീഡനങ്ങളില്‍ മുസ്ലീം സമുദായം പുലര്‍ത്തുന്ന മൗനത്തിനെതിരെയും ഓസില്‍ രൂക്ഷമായി വിമര്‍ശിച്ചു.
”അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു, നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ്’ – ഓസില്‍ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് ഉയിഗൂര്‍ മുസ്ലിംങ്ങള്‍ അഭിമുഖീകരിക്കുന്ന ക്രൂരമായ പീഡനങ്ങളെ കുറിച്ച് ഓസില്‍ ഖേദം പ്രകടിപ്പിച്ചതും, പ്രതകിരിക്കാത്ത സമുദായത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതും.
‘വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ സഹോദരന്മാര്‍ ഈ ക്രൂരമായ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍, അവരനുഭവിച്ച പീഡനത്തേക്കാള്‍ അവരുടെ മുസ്‌ലിം സഹോദരങ്ങളുടെ നിശബ്ദതയായിരിക്കും ഓര്‍മിക്കുക’ ഓസില്‍ വിമര്‍ശിച്ചു.
#HayırlıCumalarDoğuTürkistan 🙏🏼 pic.twitter.com/dJgeK4KSIk
— Mesut Özil (@MesutOzil1088) December 13, 2019
ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിന്‍ജിയാംഗില്‍ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂര്‍ മുസ്ലിംങ്ങള്‍. ഇവരില്‍ പത്ത് ലക്ഷത്തോളം പേരെ ചൈന പ്രത്യേക തടങ്കല്‍ പാളയത്തില്‍ അടച്ചിരിക്കുകയാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.