ന്യൂ ഡല്‍ഹി:
ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ആദ്യം നടപ്പിലാക്കുന്നത് പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയുടെ പ്രഖ്യാപനം.
ഈ തീരുമാനം മമതാ ബാനര്‍ജിക്കോ, തൃണമൂല്‍ കോണ്‍ഗ്രസ്സിനോ തടയാന്‍ സാധിക്കില്ലെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചു. വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. പതിറ്റാണ്ടുകളായി ഈ നിയമനിര്‍മ്മാണത്തിനു വേണ്ടി കാത്തുനിന്ന ഹിന്ദു അഭയാര്‍ത്ഥികളെ കുറിച്ചല്ല, പകരം നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചാണ് മുഖ്യമന്ത്രി ആകുലപ്പെടുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
“നേരത്തെ 370-ാം അനുച്ഛേദം റദ്ദാക്കിയപ്പോഴും നോട്ടുനിരോധനം കൊണ്ടുവന്നപ്പോഴും മമത ബാനര്‍ജി എതിര്‍പ്പുമായെത്തിയിരുന്നു. എന്നാല്‍ അവ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയാന്‍ അവര്‍ക്ക് സാധിച്ചില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ തടയാനും അവര്‍ക്ക് സാധിക്കില്ല. മാത്രമല്ല, നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനം പശ്ചിമബംഗാള്‍ ആയിരിക്കുകയും ചെയ്യും” ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
നിയമം കര്‍ശനമായി അടിച്ചേല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.
തെറ്റായ പ്രചാരണങ്ങള്‍ നടത്തി പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് മമതാ ബാനര്‍ജി ചെയ്യുന്നതെന്ന ആരോപണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും രംഗത്തു വന്നിട്ടുണ്ട്.
മമത ബാനര്‍ജിയെക്കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.