Sun. Dec 22nd, 2024
തിരുവനന്തപുരം:

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായും പങ്കെടുക്കും.

അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം വേദിയില്‍ വച്ച് മുഖ്യമന്ത്രി സമ്മാനിക്കും. എട്ട് ദിവസം നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. അവസാന ദിനമായ വെള്ളിയാഴ്ച ഒന്‍പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വൃത്താകൃതിയിലുള്ള ചതുരവും ജെല്ലിക്കെട്ടുമാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

അതെ സമയം, ഐഎഫ്എഫ്കെയിൽ കേരള പ്രീമിയർ നടപ്പിലാക്കുക, ഓൺലൈൻ പ്ളാറ്റ് ഫോമിൽ ലഭ്യമായ ചിത്രങ്ങൾ വീണ്ടും കാണിക്കരുത്, സ്വതന്ത്ര സിനിമകൾക്ക് അവസരം ലഭിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമയുടെ നേതൃത്വത്തില്‍ പ്രദര്‍ശന നഗരിയില്‍ ഇന്നലെ വീണ്ടും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.