ഹൈദരാബാദ്:
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്ന കേസിൽ പ്രതികളായ 4 പേരെ പൊലീസ് വെടിവച്ചു കൊന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി കമ്മിഷനെ ഏർപ്പെടുത്തി. ആറു മാസത്തിനകം കമ്മിഷൻ കേസ് അന്വേഷണം പൂർത്തിയാക്കണം.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർക്കറാണ് കമ്മീഷണന്റെ അധ്യക്ഷൻ. കമ്മീഷണിലെ മറ്റംഗങ്ങള്‍ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ സൊന്ദുർ ബൽഡോത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരാണ്.അഭിഭാഷകരായ എംഎൽ ശർമ, ജിഎസ് മണി, പ്രദീപ് കുമാർ എന്നിവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഈ നടപടി.
കമ്മിഷനെ നിയോഗിക്കുന്ന കാര്യം കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് സൂചിപ്പിച്ചപ്പോൾ വിയോജിക്കുകയാണ് ചെയ്തത്.അതേസമയം തെലങ്കാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന് (എസ്ഐടി) സമാന്തര അന്വേഷണത്തിനു തടസ്സമില്ല. ഈ കേസിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ മറ്റു അഭിപ്രായങ്ങൾ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തണമെന്നു എംഎൽ ശർമ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും വാർത്താവിഭാഗം ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.