Wed. Jan 22nd, 2025
കൊച്ചി:

പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു.

“ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ചു പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച  യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നു” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരന്വേഷണം നടത്തിയാല്‍ എല്ലാം അവസാനിക്കുമോ എന്നും കോടതി പരിഹസിച്ചു.

റോഡിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തിപരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കി. ഏഴ് തലമുറയുടെ സമ്പാദ്യം കൊണ്ട് തീര്‍ക്കാന്‍ കഴിയാത്ത തുകയായിരിക്കും പിഴ.

കൊച്ചിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാന്‍ മൂന്നംഗ അഭിഭാഷക സമിതിയെയും കോടതി നിയോഗിച്ചു. അമിക്കസ്‌ക്യൂറിമാര്‍ ഈ മാസം 20 നകം റിപ്പോര്‍ട്ട് നല്‍കണം. ഓരോ റോഡിന്റെയും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്‍റെ ബുദ്ധിമുട്ട് മനസ്സിലാവില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായെന്നും കോടതി പറഞ്ഞു. മരണപ്പെട്ട കൂനമ്മാവ് സ്വദേശി യദുലാലിന്‍റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ മാപ്പു ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് യദുലാലിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ മുന്നിലുണ്ടായിരുന്നു. കൂടാതെ, യദുലാല്‍ മരണപ്പെട്ട സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ പാർട് ടൈം തൊഴിലാളിയായ യദുലാല്‍, കടവന്ത്രയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സും പഠിക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് ഫീസ് അടക്കാന്‍ പോകുന്ന വഴിയായിരുന്നു സംഭവം നടന്നത്.

പൈപ്പ് പൊട്ടിയതിനാല്‍ 8 മാസങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട കുഴി അറ്റകുറ്റപ്പണി തീർത്തു മൂടാത്തതാണ് അപകടമുണ്ടാക്കിയത്. വെള്ളം നിറഞ്ഞ് സ്ഥിരം അപകടക്കെണിയായ കുഴി ഒഴിവാക്കാൻ‍ ഏതാനും ദിവസം മുൻപാണ് അശാസ്ത്രീയമായി ഒരു ബോര്‍ഡ് ഇവിടെ സ്ഥാപിക്കുന്നത്. ഇതുമൂലം ഈ ഭാഗത്തു ഗതാഗതക്കുരുക്കു സ്ഥിരമായിരുന്നു.

ബൈക്കിന്‍റെ ഹാൻഡിൽ ബാർ ബോർഡിൽ തട്ടി, റോഡിൽ വീണ യദുവിന്‍റെ ദേഹത്തു കൂടി പിന്നാലെ വന്ന കുടിവെളള ടാങ്കർ ലോറിയുടെ പിൻചക്രം കയറിയായിരുന്നു അപകടം. പരുക്കേറ്റ യദുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തയ്യൽ തൊഴിലാളിയായ കൂനമ്മാവ് കൊച്ചാൽ കാച്ചാനിക്കോടത്ത് ലാലന്റെയും നിഷയുടെയും മൂത്ത മകനാണ് യദുലാല്‍.