Wed. Jan 22nd, 2025

ലണ്ടന്‍:

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം.

ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടി. ഇതോടെ പ്രതിപക്ഷ നേത്യസ്ഥാനം ജെറമി കോര്‍ബിന്‍ രാജിവെച്ചു.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനുവരി അവസാനം ബ്രെക്സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഫലം വന്നതോടെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടക്കുമെന്ന് ഉറപ്പായി.

650 അംഗ ജനസഭയില്‍ 326 സീറ്റ് കേവല ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ 365 സീറ്റിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചിരുന്നു.

‘തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്.

ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്കായി മൂവായിരത്തിലേറെ സ്ഥാനാര്‍ത്തികള്‍ മത്സരിച്ചിരുന്നു.

ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമോ എന്ന കാര്യത്തില്‍ ഒരിക്കല്‍ കൂടി ജനഹിത പരിശോധന നടത്തുമെന്നാണ് ജെറമി കോര്‍ബിന്‍ പറഞ്ഞിരുന്നത്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരം എന്നിവ ഉറപ്പുവരുത്തുന്ന രണ്ട് നിയമങ്ങള്‍ അംഗീകരിക്കാന്‍ താല്പര്യമില്ലാത്തതാണ് യൂണിയനില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്രിട്ടനെ പ്രേരിപ്പിക്കുന്ന ഘടകം.