Fri. Mar 29th, 2024
ന്യൂ ഡല്‍ഹി:

ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് വിഎസ് സിര്‍പ്പുര്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് കേസ് അന്വേഷിക്കാന്‍ കോടതി നിയമിച്ചത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. “ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയണം” ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ, ഏകപക്ഷീയമായാണോ പോലീസ് വെടിവെച്ചത് തുടങ്ങിയ കാര്യങ്ങള്‍ മൂന്നംഗ സമിതി അന്വേഷിക്കും.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്  പറഞ്ഞു. തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കൊല്ലപ്പെട്ട പ്രതികള്‍ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍, സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നായിരുന്നു അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്.

സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനും നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമിതിക്ക് കൈമാറാനാണ് തെലങ്കാന സര്‍ക്കാരിന് ലഭിച്ച നിര്‍ദ്ദേശം.

ഡിസംബര്‍ ആറിനായിരുന്നു തെലങ്കാനയില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ് മണി, പ്രദീപ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.