Thu. Dec 19th, 2024

ചെന്നൈ:

ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍.

പിഎസ്എല്‍വി സി-48 വാഹനത്തിലാണ് വിക്ഷേപണം നടന്നത്. റിസാറ്റ്-2 അടക്കം 9 ഉപഗ്രഹങ്ങളെയാണ് ഇത്തവണ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്.

പിഎസ്എല്‍വിയുടെ 50-ാമത്തെ വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 75ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.

വിക്ഷേപണം നടന്ന് 21 മിനിറ്റിനകം ദൗത്യം പൂര്‍ത്തിയായി. 16.26 മിനിറ്റിനുള്ളില്‍ റിസാറ്റ്-2 പിഎസ്എല്‍വിയില്‍ നിന്ന് വേര്‍പെട്ടു.

നാല് സ്ട്രാപ്പ് ഓണ്‍ ബൂസറ്റേഴ്സ് ഉള്ള ക്യുഎല്‍ വേരിയന്റ് ഉപയോഗിച്ച് റോക്കറ്റ് ഉയര്‍ത്തുന്ന രണ്ടാമത്തെ വിമാനമാണിത്.

എസ്.ആര്‍. ബിജുവായിരുന്നു അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള റിസാറ്റ്-2 ബിആര്‍1 ന് 576 കിലോഗ്രാം ഭാരമുണ്ട്.

വനനിരീക്ഷണം, കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് റിസാറ്റ്-2 ഐഎസ്ആര്‍ഒയ്ക്ക് നല്‍കുക.

പിഎസ്എല്‍വി സി-48 ന്റെ നിയന്ത്രണവും സാങ്കേതികതയുമെല്ലാം വികസിപ്പിച്ചെടുത്തത് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ്. ഇതാണ് ദൗത്യന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന്  ഡയറക്ടര്‍ എസ് ആര്‍ ബിജു പറഞ്ഞു.

ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ അഭിനന്ദിച്ചു. 2020 മാര്‍ച്ചോടെ 13 ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദൗത്യ വിജയത്തിന് ശേഷം പിഎസ്എല്‍വിയുടെ അമ്പത് വര്‍ഷത്തെ ചരിത്രത്തെ കുറിച്ചുള്ള പുസ്തകത്തന്റെ പ്രകാശനവും ശ്രീഹരിക്കോട്ടയിൽ  നടന്നു.

പിഎസ്എൽവി വിക്ഷേപിച്ച മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരും ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം കാണുവാൻ എത്തിയിരുന്നു.