Mon. Nov 18th, 2024

 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്:

 പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. 

ബിൽ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (നെസോ)പ്രഖ്യാപിച്ചിട്ടുണ്ട്.ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും നൈസോയുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് എസ്എഫ്  ഐ,ഡിവൈഎഫ്ഐ,എഐഎസ്എഫ് തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.അസമിൽ സെക്രട്ടേറിയറ്റിനു മുന്നിൽ  പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി.റെയിൽവേ ട്രാക്കിൽ സമരക്കാർ കുത്തിയിരിപ്പ് സമരം നടത്തുന്നതിനാൽ പല ട്രയിനുകളും വൈകി ഓടുന്നു.സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

അരുണാചൽപ്രദേശിൽ നടന്ന പണിമുടക്കിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാൽ ത്രിപുരയിൽ ചില  അനിഷ്ട സംഭവങ്ങൾ ഉണ്ടായതിനെ തുടന്ന് പ്രശ്നങ്ങൾ  ഒഴിവാക്കാൻ സംസ്ഥാനത്ത് 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി.
നാഗാലാൻഡിൽ നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ അംഗങ്ങൾ രാജ്ഭവനു പുറത്ത് കുത്തിയിരിപ്പ് നടത്തി.
ഇന്ന് പൗരത്വ ബില്ലിൽ രാജ്യസഭയിൽ ചർച്ച നടക്കും.അതേസമയം പ്രതിഷേധ സ്വരങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് വടക്കു കിഴക്കൻ മേഖലകളിൽ സമരം ശക്തമാക്കാനാണ് പ്രക്ഷോഭകർ ശ്രമിക്കുന്നത്.