Mon. Dec 23rd, 2024
കൊച്ചി:

മലയാളിയുടെ തീന്‍ മേശയില്‍ നിന്ന് വിഭവങ്ങള്‍ അപ്രത്യക്ഷമാകുന്നു. കാരണം മറ്റൊന്നുമല്ല കുതിച്ചുയരുന്ന പച്ചക്കറി വില, അതില്‍ കേമന്‍ ഉള്ളി തന്നെ. കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് കൊണ്ട് വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സവാളയ്ക്കാണ് അടിക്കടി വില ഉയരുന്നത്. ഒരാഴ്ചയ്ക്കിടെ പകുതിയില്‍ അധികമാണ് വിലയിലില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ആറുമാസം മുമ്പ് ഒരു കിലോ സവാളയ്ക്ക് 12 മുതല്‍ 18 രൂപ വരെയായിരുന്നു വില, ചെറിയ ഉള്ളിക്ക് 30-40, വെളുത്തുള്ളിക്ക് 60-70 രൂപയും. എന്നാല്‍ ഇപ്പോള്‍ സവാളയ്ക്ക് 120-140, ചെറിയ ഉള്ളി 130-160, വെളിത്തുള്ളി 180-200 എന്ന നിരക്കിലാണ് വിറ്റു പോകുന്നത്.

വിഭവങ്ങളില്‍ നിന്ന് ഉള്ളിയെ ഒഴിവാക്കാന്‍ മടിക്കുന്ന മലയാളിക്ക്, ഉള്ളിയുടെ അപരന്മാരായി ചിലരെ കിട്ടിയിട്ടുമുണ്ട്. അതെ സമയം, ഉള്ളിയുടെ വിലക്കയറ്റം ഇറച്ചിക്കോഴി വില്‍പ്പനയില്‍ പ്രഹരമേല്‍പ്പിച്ചിടരിക്കുകയാണ്. ചിക്കന്‍ വിലയില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, സവാളയില്ലാതെ ചിക്കന്‍ കറിയെക്കുറിച്ച് ആലോചിക്കാന്‍ മലയാളി തയ്യാറല്ലാത്തത് വിപണിയെ വലയ്ക്കുന്നതായി കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു.

പച്ചക്കറി വില്‍പ്പനക്കാര്‍ക്കും, ഉപഭോക്താക്കളെ പോലെ തന്നെ വിലക്കയറ്റം ദുരിതമായിരിക്കുകയാണ്. വില കൂടിയത് കാരണം പലരും പച്ചക്കറി വാങ്ങുന്നതും കുറച്ചിരിക്കുന്നു. “അല്ലെങ്കില്‍ തിരക്ക് കാരണം നിന്ന് തിരിയാന്‍ ഇടമില്ലാത്ത കടയാണ്, ഇപ്പോള്‍ ആള്‍ക്കാരെ വിളിച്ചു കേറ്റേണ്ട അവസ്ഥയാ..” എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് വില്‍പ്പനക്കാരനായ എന്‍വി ജോര്‍ജ്ജ് വോക്ക് മലയാളത്തോട് ആശങ്ക പങ്കിട്ടു.

“രണ്ടു രൂപയുണ്ടെങ്കില്‍ റേഷനരി കിട്ടും, എന്നാല്‍ കറിയുണ്ടാക്കണമെങ്കില്‍ 200 രൂപയെങ്കിലും ചെലവാക്കണം. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ എങ്ങനെ ജീവിക്കാനാ..വില നിയന്ത്രിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അനങ്ങുകയും ചെയ്യുന്നില്ല” വീട്ടമ്മയായ ആഷ ജെന്‍സണ്‍ വീകാരാധീനയായി.

ഉള്ളിവിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊച്ചി സ്വദേശിയും, എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന മനു റോയ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയെങ്കിലും, ഇറക്കുമതിക്ക് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് മനു റോയുടെ ഹര്‍ജിയിലെ പ്രധാന ആരോപണം.

ഉത്സവങ്ങളുടെ ദിനമാണ് സംസ്ഥാനത്ത് വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പച്ചക്കറിയുടെ വില ഉയരുന്നത് ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഉള്ളിയുടെ വില ഇനിയും ഉയരാനാണ് സാധ്യതയെങ്കില്‍ യുദ്ധമുണ്ടാകാനും സാധ്യതയുണ്ട്. ഉള്ളി മോഷ്ടിക്കാമെങ്കില്‍ എന്തുകൊണ്ട് യുദ്ധമായിക്കൂടാ..