Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

മാരുതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പും വാഹനവില ഉയര്‍ത്തുന്നു.

2020 ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വില 2000 രൂപ വരെ വര്‍ദ്ധിക്കും എന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മോഡലിന്റേയും നിര്‍ദ്ദിഷ്ട വിപണിയുടേയും അടിസ്ഥാനത്തില്‍ വര്‍ദ്ധനവില്‍ വ്യത്യാസമുണ്ടാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് ജനുവരി ഒന്നുമുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചത്. എന്നാല്‍ എത്ര രൂപയാണ് വര്‍ദ്ധിക്കുകയെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, മഹീന്ദ്ര, മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഉടന്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

വര്‍ഷാവസാനം വാഹന കമ്പനികള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത് അവരുടെ ബിസിനസ് തന്ത്രമാണെന്നാണ് വ്യവസായ നിരീക്ഷകരുടെ അഭിപ്രായം.

പുതുവര്‍ഷത്തില്‍ വാഹനം വാങ്ങാനിരിക്കുന്ന മിക്ക ഉപഭോക്താക്കളേയും വില കൂടുമെന്ന് കണ്ട് വര്‍ഷാവസാനം തന്നെ കാര്‍ വാങ്ങാന്‍ ഇത് പ്രേരിപ്പിക്കും.

കൂടാതെ കാര്‍ കമ്പനികള്‍ക്ക് പുതിയ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുവാനും കഴിയും.

2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ബിഎസ്-4 എമിഷന്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല എന്നതും സ്റ്റോക്ക് തീര്‍ക്കുവാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കും.

2020 മാര്‍ച്ച് 31 വരെ ബിഎസ് ഫോര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതിയുണ്ടെന്നും ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ സാവകാശം വേണമെന്നും വാഹന നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.