Wed. May 8th, 2024
കര്‍ണാടക:

യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്.

അതേസമയം, വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് സ്വന്തമാക്കിയപ്പോള്‍, ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകര്‍ന്നു.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ പോലും നഷ്ടമായി. ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജനവിധി മാനിക്കുന്നുവെന്നും പരാജയം സമ്മതിക്കുന്നുവെന്നുമുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്.

തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്കൊണ്ട് പ്രതിപക്ഷ നേതൃ സ്ഥാനം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രാജിവെച്ചു. കോൺഗ്രസിന്റെ നിയമസഭാകക്ഷിനേതൃ സ്ഥാനവും സിദ്ധരാമയ്യ ഒഴിഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും സ്ഥാനം രാജിവച്ചു.

നിലവിലെ കർണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും വേണം.

By Binsha Das

Digital Journalist at Woke Malayalam