Mon. Nov 25th, 2024

പാരിസ്:

ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മെയര്‍.

ഡിജിറ്റല്‍ കമ്പനികള്‍ക്കുള്ള ദേശീയ നികുതി യുഎസ് കമ്പനികളെ പോലെ തന്നെ യൂറോപ്യന്‍ കമ്പനികളെയും ഫ്രഞ്ച് കമ്പനികളേയും ചൈനീസ് കമ്പനികളേയും ബാധിക്കും.

യുഎസ് കമ്പനികള്‍ക്ക് ഫ്രാന്‍സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മതിയായ നികുതി സര്‍ക്കാരിന് നല്‍കുന്നില്ല എന്ന് പാരിസ് മുന്‍പ് പരാതിപ്പെട്ടിരുന്നു.

ഫ്രാന്‍സില്‍ നിന്ന് 25 ദശലക്ഷം യൂറോയില്‍ കൂടുതല്‍ ലാഭമുള്ള ഡിജിറ്റല്‍ കമ്പനികൾക്ക് ജൂലൈയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ 3% ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു.

ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് വാഷിംഗ്ടണ്‍ അറിയിച്ചിരുന്നു. ട്രംപ് ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചടിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും.

സാമ്പത്തിക സഹകരണ-വികസന സംഘടന വഴി യുഎസുമായി കൂടിക്കാഴ്ച നടത്തി ഒരു ആഗോള ഡിജിറ്റല്‍ നികുതി തീരുമാനിക്കുവാന്‍ തയ്യാറാണെന്നും മെയര്‍ പറഞ്ഞു. എന്നാൽ ഈ നികുതി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ബന്ധമാക്കരുത്.

സാമ്പത്തിക സഹകരണ-വികസന സംഘടന വഴിയുള്ള ചര്‍ച്ചയില്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വഴി ചര്‍ച്ച തുടരുമെന്നും മെയര്‍ പറഞ്ഞു.