Wed. Jan 22nd, 2025
#ദിനസരികള്‍ 964

എത്രയോ തരം വേവലാതികളിലാണ് നമ്മുടെ വൃദ്ധമാതാപിതാക്കള്‍ ജീവിച്ചു പോകുന്നതെന്ന് അടുത്തറിയാനുളള്ള അവസരമായിരുന്നു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് ലഭിച്ചത്. മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ ആവശ്യത്തിന് സമയം (ഏകദേശം ഒരു മാസത്തോളം) അനുവദിച്ചിരുന്നു.

എന്നുമാത്രവുമല്ല, തീരെ വയ്യാത്ത ആളുകളുടെ വീടുകളിലേക്ക് എത്തി മസ്റ്ററിംഗ് ചെയ്യുവാനുള്ള സംവിധാനവും പ്രാദേശിക ഭരണകൂടങ്ങള്‍ വഴി ഒരുക്കിയിരുന്നു. അത്തരക്കാര്‍ തങ്ങളുടെ വാര്‍ഡു കൌണ്‍സിലമാർ മുഖേനയോ പഞ്ചായത്ത് മെമ്പര്‍മാര്‍ മുഖേനയോ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രം മതിയായിരുന്നു.

എന്നാല്‍ അതൊന്നും തന്നെ കണക്കിലെടുക്കാതെ ഒന്നെഴുന്നേറ്റു നില്ക്കുവാന്‍ ജീവനുള്ളവരൊക്കെയും മസ്റ്ററിംഗ് നടക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്തിയെന്നതാണ് വാസ്തവം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഓരോ പഞ്ചായത്തിലേയും തൊണ്ണൂറു ശതമാനം ആളുകളും പൂര്‍ത്തിയാക്കി എന്നു പറഞ്ഞാല്‍ ഓരോ കേന്ദ്രങ്ങളിലും അനുഭവപ്പെട്ട തിരക്ക് ഊഹിക്കാമല്ലോ!

ആദ്യദിവസങ്ങളില്‍ പല മസ്റ്ററിംഗ് കേന്ദ്രങ്ങളിലും ആവശ്യത്തിന് ഉപകരണങ്ങളുണ്ടായിരുന്നില്ലയെന്നതും സര്‍ക്കാര്‍ സൈറ്റിലുണ്ടായ ചില ബുദ്ധിമുട്ടുകളും സുഗമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഏറെക്കുറെ വളരെ വേഗം തന്നെ അവയെല്ലാം പരിഹരിക്കപ്പെട്ടുവെങ്കിലും ആ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഈ വൃദ്ധജനങ്ങളുടെ പരാതികളും പരിഭവങ്ങളും ഏറെ കേള്‍ക്കാനിടയായി.

ഫിംഗര്‍ പ്രിന്റ് സ്കാനറില്‍ വിരല്‍ പതിയാത്തതും കണ്ണു സ്കാന്‍ ചെയ്യാന്‍ താമസം വന്നതുമൊക്കെ പരിഭവങ്ങളെ വര്‍ദ്ധിപ്പിച്ചു. തങ്ങള്‍ക്ക് പെന്‍ഷന്‍ നഷ്ടമാകുമോയെന്ന ഭയവും വേവലാതിയും ഓരോരുത്തരിലും നിഴലിച്ചു നിന്നിരുന്നു. “മോനേ വേറൊരു വരുമാനവുമില്ല. ഇതു നിന്നുപോയാപ്പിന്നെ മറ്റൊരു പോംവഴിയുമില്ലെ”ന്നായിരുന്നു പലരുടേയും പരാതി.

എത്ര ആശ്വസിപ്പിച്ചിട്ടും അവര്‍ അടങ്ങുന്നുണ്ടായിരുന്നില്ല. ചെയ്ത് പൂര്‍ത്തിയായാലും ശരിയായോ ശരിയായോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരിക്കും. കൂടാതെ നമ്പര്‍ വാങ്ങി വീട്ടിലെത്തി ഒന്നു കൂടി വിളിച്ചുറപ്പിച്ചവരുമുണ്ട്.

ക്യൂവില്‍ കാത്തിരുന്ന് കുഴഞ്ഞു വീണ ഒരമ്മ ഇപ്പോഴും മനസ്സിലുണ്ട്. വീട്ടില്‍ മറ്റാരുമില്ല. രാവിലെ വന്നതാണ്. ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. നോക്കുമ്പോള്‍ നീണ്ട ക്യൂവാണ്. എല്ലാവരും അറുപതു കഴിഞ്ഞവര്‍. അതുകൊണ്ടുതന്നെ ക്യൂ തെറ്റിച്ചു കയറുക വയ്യ.

പിന്നിലായി കാത്തിരുന്നു. ഏറെ സമയത്തിനു ശേഷം മുന്നിലെത്തി. കൈ വിരല്‍ സ്കാനറില്‍ വെച്ചു നോക്കുമ്പോള്‍ കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞ് ഒന്നുകൂടി നോക്കി. രക്ഷയില്ല. എന്തോ പറയാനായി ശ്രമിക്കുന്ന പോലെ തോന്നി.

പേടിക്കാനൊന്നുമില്ല, നമുക്ക് കണ്ണെടുക്കാം എന്നു പറയുന്നതു ശ്രദ്ധിക്കാതെ അവര്‍ പിന്നോട്ടു വീണു. ഭാഗ്യത്തിന് തല എവിടേയും തട്ടിയില്ല. താങ്ങിയെടുത്ത് ഇരുത്തി വെള്ളമൊക്കെ കൊടുത്ത് ആശ്വസിപ്പിച്ചു.

കരഞ്ഞു കൊണ്ട് അവര്‍ അവരുടെ ദയനീയമായ സ്ഥിതി വിവരിച്ചു. സ്വത്തെല്ലാമുണ്ട്. അതൊക്കെ മക്കളുടെ പേരിലേക്ക് ആക്കിക്കൊടുത്തിരിക്കുന്നു. ഇപ്പോള്‍ സ്വന്തം പേരില്‍ ഒന്നുമില്ല. ഒരു വലിയ വീടിന്റെ ചായ്പിലാണ് താമസം . സ്വയം എന്തെങ്കിലുമൊക്കെ ഭക്ഷണം തയ്യാറാക്കി കഴിച്ചു പോരുന്നു.

ചിലപ്പോള്‍ ദിവസങ്ങളോളം ഒന്നുമുണ്ടാകില്ല. അപ്പോള്‍ അടുത്തുള്ള കടയില്‍ ചെന്ന് കുറച്ച് അരി മേടിക്കും.കടമായിട്ട്. അതു വീട്ടുന്നത് ഈ പെന്‍ഷന്‍ കിട്ടുമ്പോഴാണ്.അതുകൂടി ഇല്ലാതായാലോ എന്ന വേവലാതി അവരെ വളരെയേറെ വേദനിപ്പിച്ചു. ഇപ്പോഴും മക്കളെ അവര്‍ക്കു സ്നേഹമാണ്.

അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പറഞ്ഞ എന്നോട് അവര്‍ മുഷിഞ്ഞാണ് സംസാരിച്ചത്. എന്തായാലും മക്കളോടു സംസാരിക്കുവാനും അവരെ നോക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റു നിയമവഴി തേടാനും ഞാന്‍ മുന്നിട്ടിറങ്ങി.

പലര്‍ക്കും പെന്‍ഷന്‍ ഒരു ആശ്വാസമായിരുന്നു.എത്ര ചെറിയ തുകയാണെങ്കിലും അത് അവര്‍ക്കു നല്കുന്ന ആത്മവിശ്വാസം വളരെ വലിയതായിരുന്നു. ഇതു മുടങ്ങാന്‍ പാടില്ല. വയസ്സാംകാലത്ത് ആരുമുണ്ടായില്ലെങ്കിലും പെന്‍ഷനെങ്കിലും വാങ്ങി ജീവിക്കാമല്ലോ എന്ന പ്രതീക്ഷയായിരുന്നു പലരും പങ്കുവെച്ചത്.

വലിയ തുകയൊന്നുമില്ല. കൂടിവന്നാല്‍ അഞ്ഞൂറോ ആയിരമോ രൂപയാണ് ഒരു മാസം കിട്ടുക.ഒരു ദിവസം എത്രയായിരിക്കുമെന്ന് കൂട്ടിനോക്കുക. അത്രയും ചെറിയൊരു തുകയ്ക്കുവേണ്ടിയാണല്ലോ ഇക്കാണുന്ന വെപ്രാളമൊക്കെ എന്നു നാം ചിന്തിച്ചു പോയാന്‍ ഈ ക്ഷീണവാര്‍ദ്ധക്യങ്ങളുടെ മനസ്സ് വായിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.

സര്‍ക്കാര്‍ ഈ പെന്‍ഷന്‍ തുക അല്പം കൂടി വര്‍ദ്ധിപ്പിച്ചു കൊടുക്കണമെന്നാണ് എനിക്ക് അവസാനമായി അഭ്യര്‍ത്ഥിക്കുവാനുള്ളത്. ദിവസം ഒരു അമ്പതു രൂപയെങ്കിലും കിട്ടുന്ന തരത്തിലാകണം. അതോടൊപ്പം തന്നെ പെന്‍ഷന്‍ തീര്‍ത്തും ആവശ്യമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട് എന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്.

കിട്ടുന്നതാകട്ടെ സര്‍ക്കാര്‍ തരുന്നതല്ലേ എന്നാണ് അക്കൂട്ടരുടെ ചിന്ത. അത്തരക്കാരെ വേര്‍തിരിച്ചെടുക്കണം. എന്നിട്ട് തികച്ചും അര്‍ഹരായവര്‍ക്ക് ജീവിക്കാനാവശ്യമായ ഒരു സഹായമെന്ന നിലയില്‍ പെന്‍ഷന്‍ തുക മാറ്റിയെടുക്കണം. ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തിന് കുറച്ചൊക്കെ വില കൊടുക്കാന്‍ നാം തയ്യാറാകേണ്ടതല്ലേ ?

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.