Wed. Jan 22nd, 2025

കാലിഫ്:

ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് വിമാനവുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.

കഴിഞ്ഞ മാസം നാസ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വിമാനമായ മാക്‌സ്വെല്‍ എക്‌സ്-57 ന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അവസരം നല്‍കിയിരുന്നു.

കാലിഫോര്‍ണിയ മരുഭൂമിയിലുള്ള എയ്‌റോനോട്ടിക്‌സ് ലാബിലാണ് നാസ പരീക്ഷണാര്‍ത്ഥം നിര്‍മിക്കുന്ന മാക്‌സ്വെലിന്റെ പ്രവര്‍ത്തനവും നിര്‍മാണവും അനാവരണം ചെയ്തത്.

ഇറ്റലിയില്‍ നിര്‍മിച്ച ടെക്‌നാം പി 2006 റ്റി ഇരട്ട എന്‍ജിന്‍ പ്രൊപല്ലര്‍ വിമാനത്തിന് മാറ്റം വരുത്തിയാണ് മാക്‌സ്‌വെല്‍ നിര്‍മിച്ചത്.

2015ല്‍ നിര്‍മാണമാരംഭിച്ച മാക്‌സ് വെലിന്റെ പരീക്ഷണപ്പറക്കലിന് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

ലിഥിയം അയണ്‍ ബാറ്ററികളില്‍ നിന്നാണ് എന്‍ജിനുകളിലേക്ക് ശക്തി പ്രവഹിക്കുന്നത്. 14 ഇലക്ട്രിക് മോട്ടറുകളാണ് വിമാനത്തിനുള്ളത്. എഞ്ചിനിയര്‍മാര്‍ക്കും പൈലറ്റുമാര്‍ക്കും പുതിയ വിമാനത്തില്‍ പ്രവേശിച്ചാല്‍ എങ്ങനെ ഇരിക്കുമെന്ന് മനസിലാക്കാനുള്ള ഒരു സിമുലേറ്ററും നാസ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ഊര്‍ജപ്രവാഹം ലഭ്യമായെങ്കില്‍ മാത്രമേ വിമാനം പറപ്പിക്കുക സാധ്യമാകുകയുള്ളു. ബാറ്ററിക്ക് സുരക്ഷിതമായി വിമാനത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ലിഥിയം ബാറ്ററി ആയതിനാല്‍ ചൂടുകൂടാന്‍ സാധ്യതയുണ്ട്. ചൂട് അധികമായാലും എഞ്ചിനിലേക്ക് പ്രവേശിച്ചാലും തീ കത്തിപ്പിടിക്കും. ഇതിനെ തെര്‍മല്‍ റണ്‍എവേ എന്നാണ് നാസ പറയുന്നത്.

പുതിയ വിമാനത്തില്‍ പിടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ക്രൂസ് മോട്ടറുകള്‍ പ്രാപ്തിയുള്ളതും ശബ്ദം കുറച്ച് പുറപ്പെടുവിക്കുന്നവയും പാരിസ്ഥിതികാഘാതം കുറവുള്ളവയും ആയിരിക്കും.

നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ സാങ്കേതിക വിവരങ്ങള്‍ നാസ പുറത്തുവിടുന്നുണ്ട്. വ്യോമയാന വ്യവസായത്തിന് മൊത്തം ഗുണകരമാകുന്ന പരീക്ഷണങ്ങളാണ് നാസ വികസിപ്പിക്കുന്നത്.

വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വിമാനനിര്‍മാണ കമ്പനികള്‍ക്കും ലഭ്യമാക്കുമെന്ന് അവര്‍ പറഞ്ഞു.

ഇന്ധനോപയോഗം പരമാവധി കുറച്ച് ബാറ്ററിയിലേക്ക് വരുമ്പോള്‍ പറക്കല്‍ സമയം കുറയുമെങ്കിലും ചെലവ് 40 ശതമാനം കുറയ്ക്കാനാകും.
ബാറ്ററിയില്‍ കൂടുതല്‍ ഊര്‍ജം ശേഖരിക്കാനുള്ള സാങ്കേതികത വികസിപ്പിക്കേണ്ടതുണ്ട്.

ഇപ്പോഴുള്ള ബാറ്ററിയുടെ പരിമിതിമൂലം വിമാനത്തെ എയര്‍ ടാക്‌സിയായോ കുറച്ചു യാത്രക്കാരുമായി ചെറിയദൂരത്തില്‍ പറക്കുവാനോ മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

എക്‌സ്-57 സുരക്ഷ, ശബ്ദം, ഇന്ധനക്ഷമത എന്നീ കാര്യങ്ങളില്‍ പുതു ചരിത്രം കുറക്കുമെന്നാണ് നാസയുടെ വിലയിരുത്തല്‍.