ടെഹ്റാന് :
ഇറാനും അമേരിക്കയും തമ്മില്‍ നാളികളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന്റെ ആദ്യ ചുവടുവെപ്പെന്നോണം തടവിലാക്കിയവരെ രാജ്യങ്ങൾ പരസ്പരം കൈമാറി.
ഇറാന്റെ തടവിലുണ്ടായിരുന്ന പ്രിന്‍സ്റ്റണിലെ ബിരുദവിദ്യാര്‍ഥി സിയു വാങ്ങിനെയും, അമേരിക്ക തടവില്‍വെച്ച ഇറാനിയന്‍ ശാസ്ത്രജ്ഞന് മസൂദ് സുലൈമാനിയെയുമാണ് കൈമാറിയത്.ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫാണ് ഇക്കാര്യം ലോകതെ അറിയിച്ചത്. ഇരുവരും എത്രയും വേഗം കുടുംബവുമായി ചേരുന്നുവെന്നതില് സന്തോഷമെന്നു മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറാണ് തടവിലാക്കപ്പെട്ടവരെ കൈമാറുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചത്.
ഇറാനിലേക്ക് അതിക്രമിച്ചുകയറുകയും രഹസ്യങ്ങള്‍ വിദേശത്തേക്ക് കൈമാറുകയും ചെയ്തുവെന്ന് ആരോപിച്ചാണ്
വുങ്ങിനെ 2016 മുതല്‍ ഇറാന് തടവിലാക്കിയത്. ഇറാനെതിരായ ഉപരോധം ലംഘിച്ച് സാധനങ്ങള്‍ കടത്താന്‍
ശ്രമിച്ചെന്നായിരുന്നു സുലൈമാനിക്കെതിരെ ചുമത്തിയ കുറ്റം.