Thu. Mar 28th, 2024

ന്യൂഡല്‍ഹി:

സൂര്യന്റെ രഹസ്യങ്ങള്‍ തേടി നാസ അയച്ച പാര്‍ക്കര്‍ ബഹിരാകാശ പേടകം (പിഎസ്പി) സൂര്യന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തി.

സൂര്യന്റെ അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത പേടകമാണ്‍ പാര്‍ക്കര്‍. ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.

2024ലെ ചാന്ദ്രദൗത്യത്തിനും അതിനു പിറകെ വരുന്ന ചൊവ്വ ദൗത്യത്തിനും ഗുണകരമാകുന്ന വിവരങ്ങള്‍ പാര്‍ക്കര്‍ നല്‍കുമെന്നാണ് നാസയുടെ പ്രതീക്ഷ.

2018 ഓഗസ്റ്റ് 2 നാണ് നാസ പാര്‍ക്കറിനെ സൂര്യനിലേക്കയച്ചത്.
മണിക്കൂറില്‍ 20,00,00 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ സഞ്ചരിക്കുന്നത്. ബഹിരാകാശത്ത് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനവും പാര്‍ക്കറാണ്.

സൗരക്കാറ്റിന് ഇത്ര പെട്ടെന്ന് വേഗത കൈവരിക്കാന്‍ കഴിയുന്നതെങ്ങനെ, സൂര്യന്റെ പുറത്തെ പ്രതലത്തേക്കാള്‍ അന്തരീക്ഷം എങ്ങനെയാണ് ചൂടുള്ളതാകുന്നത് എന്നിവയാണ് പാര്‍ക്കര്‍ കണ്ടെത്തുന്ന പ്രധാന വിവരങ്ങള്‍.

സൂര്യന്റെ അന്തരീക്ഷത്തിലെ കൃത്രിമ കാന്തിക തരംഗങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പാര്‍ക്കര്‍ പങ്കുവെച്ചു കഴിഞ്ഞു. സൂര്യന് അടുത്തെന്നതിനിടെ ഇതുവരെ ആയിരത്തിലേറെ തവണ പാര്‍ക്കര്‍ പേടകം ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു.

ശാസ്ത്രലോകം സ്വിച്‌ബോക്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പ്രതിഭാസത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. ഈ തരംഗങ്ങളാണ് ഊര്‍ജോല്പാദനം നടത്തുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. അങ്ങനെയെങ്കില്‍ കൊറോണയ്ക്ക് ചൂടുകൂടുന്നതിന് കാരണം ഇതാവാം.

പാര്‍ക്കര്‍ പേടകം അടുക്കും തോറും ഈ കാന്തിക വലയങ്ങളുടെ ശക്തിവര്‍ധിക്കുന്നുണ്ടോ എന്നും അറിയേണ്ടതുണ്ട്.

ആധുനിക ഹെലിയോഫിസിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന യൂജിന്‍ പാര്‍ക്കറിന്റെ പേരില്‍ നിന്നാണ് നാസയുടെ ബഹിരാകാശ പേടകത്തിന് ആ പേര് ലഭിച്ചത്. സൂര്യനെ മനസിലാക്കുന്നതിനുള്ള പല കാര്യങ്ങളും യൂജിൻ പാര്‍ക്കര്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരില്‍ സൂര്യന്റെ അടുത്തെത്തിയ പാര്‍ക്കര്‍ നല്‍കുന്ന സൂര്യവിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രകുതികികള്‍.