Mon. Dec 23rd, 2024

വാഷിംഗ്ടണ്‍:

കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക നല്‍കും.

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്റെയും നിയമവിദഗ്ധരുടേയും എതിര്‍പ്പിനെ മറികടന്നാണ് ലോകബാങ്കിന്റെ തീരുമാനം.

വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്ന് ലോകബാങ്ക് പിന്‍മാറണമെന്നും വായ്പ ആനുകൂല്യം ലഭിക്കുവാന്‍ ചൈന ഇനിയും ഉയരേണ്ടതുണ്ട് എന്നും സ്റ്റീവന്‍ മ്യൂചിന്‍ ബുധാനാഴ്ച പറഞ്ഞിരുന്നു.

അതേസമയം ചൈനയുടെ ഘടനാപരവും പാരിസ്ഥിതികവുമായ നവീകരണത്തിനായാണ് വിശാല നയത്തിന്റെ ഭാഗമായി കടം നല്‍കുന്നതെന്ന് ലോകബാങ്ക് അറിയിച്ചു.

2018ല്‍ അംഗീകരിച്ച 1800 കോടി രൂപയുടെ മൂലധന വര്‍ധനവിന്റെ ഭാഗമായി അംഗീകരിച്ച പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് രാഷ്ട്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ചട്ടത്തിന് ലോകബാങ്ക് അംഗീകാരം നല്‍കിയത്.

2019 സാമ്പത്തിക വര്‍ഷത്തില്‍ ലോകബാങ്ക് ചൈനയ്ക്ക് 130 കോടി രൂപ വായ്പ നല്‍കിയിരുന്നു. പുതിയ പദ്ധതിയിലെ വായ്പ കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ വായ്പകളെ അപേക്ഷിച്ച് 180 കോടി കുറവാണ് കാണിക്കുന്നത്.

വായ്പ നിരക്കില്‍ വര്‍ഷാവര്‍ഷം മാറ്റങ്ങള്‍ വരാം. ഇത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും ലോക ബാങ്ക് പറഞ്ഞു.

ബീജിങ് തുടര്‍ച്ചയായി വായ്പ അഭ്യര്‍ത്ഥന നടത്തുന്നുണ്ടെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും വിജ്ഞാനദായക സംരഭങ്ങള്‍ക്കും വായ്പ നല്‍കുകയാണ് ലോകബാങ്കിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.