ന്യൂഡല്‍ഹി:
ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് 106 ദിവസങ്ങള്‍ക്ക് ശേഷം ചിദംബരത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
2 ലക്ഷം രൂപ ജാമ്യവും അതേതുകയുടെ ആള്‍ജാമ്യവും നല്‍കണം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്. നിലവില്‍ തീഹാര്‍ ജയിലിലാണ് ചിദംബരം. നേരത്തെ സിബിഐ കേസിലും ജാമ്യം ലഭിച്ച ചിദംബരം ഇന്ന് ജയില്‍മോചിതനാകും.
ഐ.എന്‍.എക്സ് മീഡിയ കേസ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ചായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തത്.
ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21-നായിരുന്നു സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-നാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
എന്നാല്‍, ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ക്കുകയായിരുന്നു. കസ്റ്റഡിയിലായിരിക്കുമ്പോള്‍ പോലും നിര്‍ണായക സാക്ഷികളെ സ്വാധീനിക്കാന്‍ ചിദംബരത്തിന് കഴിയുമെന്നായിരുന്നു ഇഡിയുടെ വാദം.