Wed. Jan 22nd, 2025
കൊച്ചി:

 
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഫണ്ടില്ലെന്ന് പറഞ്ഞാണ് ശമ്പളം നല്‍കാത്തത്. അയ്യായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്. കരാര്‍ ജീവനക്കാര്‍ക്ക് പത്ത് മാസമായി ശമ്പളമില്ല. 14,000 കോടിയാണ് ബിഎസ്എന്‍എല്ലിന്റെ നഷ്ടമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഇതോടെയാണ് തൊഴിലാളികള്‍ സ്വയം വിരമിക്കലിനൊരുങ്ങിയത്. ഒരുമാസത്തിനകം എഴുപതിനിയിരത്തിലധികം ജീവനക്കാരാണ് വിആര്‍എസിന് അപേക്ഷിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട കണക്കില്‍ ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും വിപണി മൂല്യം ഇടിയുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മറ്റ് മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഓഗസ്റ്റില്‍ ജിയോയ്ക്ക് 84.45 ലക്ഷം വരിക്കാര്‍ കൂടിയപ്പോള്‍ ബിഎസ്എന്‍എല്ലിന് 2.15 ലക്ഷം വരിക്കാര്‍ കുറഞ്ഞിരുന്നു.

ഇപ്പോഴും 4ജി സേവനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതാണ് ബിഎസ്എന്‍എല്‍ നേരിടുന്ന ഏറ്റവും വലിയ പോരായ്മ. നിരക്കുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരെ അപേക്ഷിച്ച് സൗകര്യപ്രദമാണെങ്കിലും സേവനത്തിലെ അതൃപ്തിയാണ് വരിക്കാരുടെ കൊഴിഞ്ഞു പോക്കിന് കാരണം.