Mon. Dec 23rd, 2024
#ദിനസരികള്‍ 960

സാമ്പത്തിക തുല്യത എന്നത് ഭരണഘടനാപരമായ ഒരവകാശമല്ല. എന്നാല്‍ നിയമത്തിന്റേയും അവസരങ്ങളുടേയും മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകരുതെന്ന് ഭരണഘടന ശഠിക്കുന്നു. അതുകൊണ്ടാണ് കുറേ തുക വിതരണം ചെയ്ത് സാമ്പത്തികമായ അവസ്ഥയെ ഉയര്‍ത്തിയെടുക്കുന്നതിനു പകരം സാമൂഹികമായ അവസ്ഥകളാണ് ഏറെ പരിതാപകരം എന്ന് തിരിച്ചറിഞ്ഞ് ഭരണഘടനയുടെ വിധാതാക്കള്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണമെന്ന ആശയം അംഗീകരിച്ചത്.

അത് സാമ്പത്തിക വിപ്ലവം എന്നതിലുപരി സാമൂഹിക വിപ്ലവം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുകയും മെച്ചപ്പെട്ട വിതാനങ്ങളെ ലക്ഷ്യങ്ങളാക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ടുമാണ് സംവരണം പ്രവര്‍ത്തിക്കുന്നത്. അത് പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുന്നു.

അതുവഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഓരോരുത്തരില്‍ നിന്നും ക്രിയാത്മകമായ സംഭാവനകള്‍ രാഷ്ട്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു. 330 ആം അനുച്ഛേദം പറയുന്നതുപോലെ ലോകസഭയിലേക്കുള്ള സീറ്റുകളിലും ഈ സംവരണമെന്ന ആശയത്തെ നാം കാണുന്നത് അവസരങ്ങളുടെ സൃഷ്ടിതന്നെയായിട്ടാണ്.

ഇതിനു വിപരീതമായി ആദ്യം സൂചിപ്പിച്ചതുപോലെ കുറേ പണം വിതരണം ചെയ്തുകൊണ്ട് ദാരിദ്ര്യമെന്ന അവസ്ഥയെ നേരിടാനാണ് രാജ്യം തീരുമാനിച്ചിരുന്നതെങ്കില്‍ എത്ര വലിയ വിഡ്ഢിത്തമായിരിക്കും അതെന്ന് ആലോചിക്കുക. അത്തരമൊരു ചര്‍ച്ച ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചര്‍ച്ചാവേളകളില്‍ ഉന്നയിക്കപ്പെട്ടതായി ഓര്‍മ്മിക്കുന്നു.

എന്നാൽ അത് ജനതയുടെ സര്‍ഗ്ഗാത്മകതയേയും പ്രതിബന്ധങ്ങളെ തട്ടി നീക്കി മുന്നേറാനുള്ള സഹജാവബോധത്തേയും ജോലി ചെയ്തു ജീവിക്കണമെന്ന പ്രവര്‍ത്യുന്മുഖമായ ആശയത്തേയും അട്ടിമറിക്കുന്നതാണെന്നാണ് അവര്‍ വിലയിരുത്തിയത്. അതുകൊണ്ടാണ് അവസരങ്ങളില്‍ തുല്യത എന്ന ആശയത്തിന് പ്രാമുഖ്യം നേടാനായത്. അല്ലായിരുന്നെങ്കില്‍ വെറുതെയിരുന്ന് തിന്നുന്ന ഒരു തലമുറകളെയായിരുന്നു നമുക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിയുക.

ഇത്രയും സൂചിപ്പിക്കുവാന്‍ കാരണം തിരുവനന്തപുരത്ത് ആറുമക്കളുള്ള ഒരമ്മയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു വന്ന പത്രവാര്‍ത്തകളാണ്. ആ വൈകാരികതയുടെ ചൂടാറും മുമ്പ് സര്‍ക്കാര്‍ അവര്‍ക്ക് ജോലിയും നല്കിയിരിക്കുന്നു. മണ്ണുവാരിത്തിന്നു ജീവിച്ചു എന്ന രീതിയിലാണ് പ്രസ്തുത സംഭവത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചെടുത്തത്.

എന്നാല്‍ ഒരു കുഞ്ഞിന് മണ്ണു തിന്നുന്ന ശീലമുണ്ടെന്നാണ് ആയമ്മതന്നെ പിന്നീട് പറഞ്ഞത്. എന്തുമാകട്ടെ, കേട്ടപാതി കേള്‍ക്കാത്ത പാതി അതൊരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയായി ആഘോഷിക്കപ്പെട്ടു. നാനാജാതി മാധ്യമങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.

സമ്മര്‍ദ്ധത്തിലായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആ കുടുംബത്തിന് ഫ്ലാറ്റും അമ്മയ്ക്ക് ജോലിയും വെച്ചു നീട്ടി. പതിയെ വിമര്‍ശനങ്ങള്‍ കുറഞ്ഞു. ജോലി നല്കിയതിലും കുടുംബത്തെ കൈപിടിച്ചതിലുമൊക്കെ സര്‍ക്കാറിനെ വിവിധ കേന്ദ്രങ്ങള്‍ പ്രശംസിച്ചു.രണ്ടു ദിവസം പഴികേട്ടെങ്കിലും സര്‍ക്കാര്‍ മുഖം പൂര്‍വ്വാധികം ഭംഗിയായി തിളങ്ങി നിന്നു, നല്ലത്.

എന്നാല്‍ മുന്‍സിപാലിറ്റിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത് തീര്‍ത്തും തെറ്റായ ഒരു നീക്കമാണെന്ന് പറയാതെ വയ്യ. കാരണം ഭരണഘടനതന്നെ ഇത്തരത്തിലുള്ള പ്രതികരണങ്ങളെയല്ല പ്രോത്സാഹിപ്പിക്കുന്നത്. ഇത് അവസരങ്ങളിലെ സമത്വം എന്ന ആശയത്തിന് എതിരാണ്.

അതായത് ദുരിതമനുഭവിക്കുന്ന ഏറ്റവും അവസാനത്തെ കുടുംബമാണ് ഈയമ്മയുടേതെങ്കില്‍ നമുക്ക് പിന്നേയും കണ്ണടക്കാം. എന്നാല്‍ അത്തരം ഒരു കണക്കും നമ്മുടെ കൈവശമില്ല. ഇനിയും എത്രയോ കുടുംബങ്ങള്‍ ഇതിലും താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിച്ചു പോകുന്നുണ്ട് ? അവരൊക്കെയും നാളെ ഇത്തരത്തിലുള്ള ആവശ്യമുന്നയിച്ചു വന്നാല്‍ അധികാരികള്‍ എങ്ങനെയാണ് പ്രതികരിക്കുക ? അവരെ മടക്കിയയക്കാന്‍ എന്തു ന്യായമാണ് പറയാനുണ്ടാകുക ? അതോ ഇനി വരുന്ന എല്ലാവര്‍ക്കും ഇത്തരത്തില്‍ ജോലി നല്കുമെന്ന് ഉറപ്പുണ്ടോ ? ഒരു നാടന്‍ ഭാഷയില്‍ അതപ്പോഴത്തെ ഒരോളത്തിനങ്ങ് കൊടുത്തുവെന്നേയുള്ളു , ഇനിയതുപോലെ പറ്റില്ലെന്ന് മറുപടി പറയുമോ ?

ഏതൊരു ജനാധിപത്യ സര്‍ക്കാറിനും തങ്ങളുടെ സേവനം ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെങ്കില്‍ വ്യക്തമായ മാനദണ്ഡം ആവശ്യമാണ്.കാരണം ജനങ്ങലുടെ പണമാണ് സര്‍‌ക്കാര്‍ വിനിയോഗിക്കുന്നത്. അവിടെ കേവലം വൈകാരികതയല്ല പ്രവര്‍ത്തിക്കേണ്ടത്. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിറുത്തിയാണ് തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത്.

ഇവിടെ ഒരമ്മയ്ക്ക് ജോലി കൊടുത്തതിനെപ്പറ്റി വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തുകയാണ് എന്നാരെങ്കിലും ധരിച്ചു പോകരുത്. മറിച്ച് ഭരണഘടന അനുശാസിക്കുന്ന നീതിയുക്തമായ നടപടികളെന്തെന്ന് സൂചിപ്പിക്കുക മാത്രമായിരുന്നു. നിയമവാഴ്ചയുള്ള ഇടങ്ങളില്‍ അത്തരത്തിലേ പെരുമാറുവാന്‍ കഴിയുകയുള്ളു.

തോന്നിയ പോലെ ജോലി കൊടുക്കാനും സമ്പത്ത് വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അവസരങ്ങളുടെ സമത്വം എന്ന ആശയത്തെ നാം എവിടെക്കൊണ്ടുപോയി കെട്ടിത്തൂക്കും ? ഭരണഘടനാ സ്ഥാപനമായ പി എസ് സി പോലെയുള്ളവയുടെ സാധുത എന്തായിരിക്കും ? ചോദ്യങ്ങള്‍ നിരവധിയാണ്.

സര്‍ക്കാറെന്നത് തുല്യത ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള ഒരു സ്ഥാപനമാണ്. അതിനെ ലംഘിക്കുന്ന തരത്തിലുള്ള ഒരു ചെറിയ നീക്കമെങ്കിലും ഉണ്ടായിക്കൂടാ. അങ്ങനെ വന്നാല്‍ അത് ഭരണഘടനയെത്തന്നെ അട്ടിമറിയ്ക്കുന്നതായിപ്പോകും.

രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കു വേണ്ടി മാധ്യമങ്ങളും മറ്റും നിര്‍മ്മിക്കുന്ന വൈകാരികതകളുടെ പിന്നാലെ പാഞ്ഞ് പരിഭ്രമിക്കാതിരിക്കുക എന്നതും സര്‍ക്കാറിന്റെ ബാധ്യത തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.