Fri. Nov 22nd, 2024
മാനന്തവാടി:

യോഗത്തിനിടെ ഫോണില്‍ സംസാരിച്ച മാനന്തവാടി നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. സബ് കളക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റി സബ്കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കളക്ടര്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ജനപ്രതിധികള്‍ക്ക് പോലും നീതി നിഷേധിക്കുന്നത് അംഗികരിക്കുവാന്‍ കഴിയില്ലന്നും സി പി ഐ ആവശ്യപ്പെട്ടു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഷീലാ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കാളായ ജോണി മറ്റത്തിലാനി, വി കെ ശശിധരൻ, രഞ്ജിത്ത് കമ്മന, വി വി ആന്റണി, ദിനേശ് ബാബു, കെ പി വിജയൻ, ടി നാണു തുടങ്ങിയവര്‍ സംസാരിച്ചു.

സബ്കളക്ടറുടെ നടപടയില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ എൽ ഡി എഫ്, യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി. എൽ ഡി എഫ്‌ കൗണ്‍സിലര്‍മാരുടെ പ്രതിഷേധയോഗം നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ശോഭാ രാജന്‍, പി ടി ബിജു, പ്രദിപാ ശശി, കെ മുഹമ്മദ് ആസിഫ്, എ ഉണ്ണിക്കൃഷ്ണന്‍, ശാരദാ സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യു ഡി എഫ് കൗണ്‍സിലര്‍മാരുടെ പ്രകടനത്തിന് ജേക്കബ് സെബാസ്റ്റ്യന്‍, കടവത്ത് മുഹമ്മദ്, ശ്രീലതാ കേശവന്‍, മഞ്ജുള അശോകന്‍, വി യു ജോയ്, റഷീദ് പടയന്‍, ബി ഡി അരുണ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ 29-ന് താഴെയങ്ങാടിയിലെ വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് എ എസ് പി ഓഫീസില്‍ മാനന്തവാടി എ എസ് പി ഡോ വൈഭവ് സക്‌സേന വിളിച്ചുചേര്‍ത്ത യോഗത്തിനിടെ ഫോണില്‍ സംസാരിച്ചതിന് സബകളക്ടര്‍ മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ ശോഭാ രജന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു മന്ത്രി, സംസ്ഥാന പോലീസ് മേധാവി, വനിതാ കമ്മിഷന്‍, കളക്ടര്‍ എന്നിവര്‍ക്ക് ശോഭാ രാജന്‍ പരാതി നല്‍കിരുന്നു.

യോഗത്തില്‍ തന്റെ ഫോണ്‍ സൈലന്റ് മോഡിലായിരുന്നു വെച്ചിരുന്നത്. യോഗത്തിനിടെ നഗരസഭാ ചെയര്‍മാന്റെ ഫോണ്‍കോളാണ് വന്നത്. ഈ ഫോണ്‍ എടുത്തപ്പോഴാണ് സബ്കളക്ടര്‍ ഫോണ്‍ വാങ്ങിവെച്ചതെന്നും യോഗത്തിനുശേഷം തിരികെ ചോദിച്ചപ്പോള്‍ തരില്ല രണ്ടുദിവസം കഴിഞ്ഞ് വാങ്ങിക്കോ എന്നു പറഞ്ഞതായും ശോഭാ രാജന്റെ പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തേയും പദവിയേയും അപമാനിക്കുന്ന തരത്തിലാണ് സബ് കളക്ടര്‍ പെരുമാറിയത്. എനിക്കുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. വിഷയത്തില്‍ പ്രതികരിക്കാന്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് തയ്യാറായില്ല.