Sun. Dec 22nd, 2024
വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):

 
നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന യുഎസ് പ്രതിരോധ വിഷയവും തുര്‍ക്കിയോടുള്ള അംഗരാജ്യങ്ങളുടെ സമീപനവുമാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലണ്ടനിലെത്തിയത്. ട്രംപ് ലണ്ടനിലെത്തിയതോടെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.

നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ്, ഉര്‍ദുഗാന്‍, മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവര്‍ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി വിരുന്നൊരുക്കി. പത്തു ദിവസത്തിനു ശേഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സംഘവും നാറ്റോ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

സോവിയറ്റ് യൂണിയനെതിരെ സംഘടിക്കുവാന്‍ 1949 ല്‍ 12 അംഗങ്ങളുമായി രൂപീകരിച്ച നാറ്റോക്ക് നിലവില്‍ 29 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.

നാറ്റോയുടെ നായകരായ യുഎസും പ്രധാന യൂറോപ്യന്‍ അംഗരാഷ്ട്രമായ ഫ്രാന്‍സും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്നതിനും, വടക്കന്‍ സിറിയയിലെ കുര്‍ദ് മേഖലകളില്‍ തുര്‍ക്കി നടത്തിയ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും തമ്മിലുള്ള അസ്വാരസ്യങ്ങളുടേയും നടുവിലാണ് ഉച്ചകോടി നടക്കുന്നത്. തുര്‍ക്കിയും മറ്റ് അംഗരാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ്.

ഉച്ചകോടിക്ക് തുടക്കം കുറിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബര്‍ഗുമായി നടത്തിയ വാര്‍ത്ത സമ്മേളനവും ഫ്രാന്‍സിനെ മുഷിപ്പിച്ചിരിക്കയാണ്.

കുര്‍ദ് മേഖലയില്‍ തുര്‍ക്കി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍, നാറ്റോക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കഴിഞ്ഞമാസം മക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഭീകരവാദത്തിനെതിരെ ഇടുങ്ങിയ ചിന്താഗതി മാത്രമുള്ള മക്രോണിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് ഉര്‍ദുഗാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.