പാരിസ്:
മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ദ് ഓര്‍ പുരസ്കാരങ്ങള്‍ ഇന്ന് രാത്രി പ്രഖ്യാപിക്കും. പാരിസില്‍ നടക്കുന്ന ചടങ്ങിലാണ് 2019ലെ ബാലണ്‍ ദ് ഓര്‍ പ്രഖ്യാപിക്കുക.
പുരുഷ വിഭാഗത്തിലെ സാധ്യതാ പട്ടികയില്‍ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയും, ലിവര്‍ പൂളിന്‍റെ വിര്‍ജില്‍ വാന്‍ ദെയ്ക്കുമാണ്. വനിതാ വിഭാഗത്തില്‍ യുഎസ് ക്യാപ്റ്റന്‍ മേഗന്‍ റപ്പീനോയ്ക്കാണ് സാധ്യത. മെസ്സിയും റപ്പീനോയുമാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കുന്നതില്‍ വാന്‍ ദെയ്ക്കിന്റെ പ്രതിരോധ മികവ് ഏറെ പങ്കുവഹിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനായും താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബാഴ്‌സലോണയ്ക്കായി മെസ്സി നടത്തിയ പ്രകടനമാണ് ബാലണ്‍ ദ് ഓറിലും പ്രതിഫലിക്കുക.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ, കിലിയന്‍ എംബാപ്പെ തുടങ്ങി 30 ഓളം താരങ്ങള്‍ പട്ടികയിലുണ്ട്. പത്തുവര്‍ഷത്തോളം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി പങ്കുവെച്ച ബാലണ്‍ ദ് ഓര്‍ കഴിഞ്ഞവര്‍ഷം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു ലഭിച്ചത്.