Sun. Dec 22nd, 2024
#ദിനസരികള്‍ 957

ചമല്‍ ലാല്‍ ആസാദ് എഴുതിയ  രക്തസാക്ഷികൾ എന്ന വിഖ്യാത ഗ്രന്ഥം ഇന്ത്യന്‍‌ സ്വാതന്ത്ര്യസമര കാലത്തെ സമാന്തര മുന്നേറ്റങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു ഒന്നാണ്. ” ഇന്ത്യന്‍ സ്വാതന്ത്ര്യസമരം രണ്ടു ശാഖകളായാണ് നടന്നുകൊണ്ടിരുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഒരു ശാഖ അഹിംസാ പദ്ധതിയനുസരിച്ചും മറ്റേ ശാഖാ ഹിംസാ പദ്ധതിയനുസരിച്ചുമാണ് മുന്നേറിക്കൊണ്ടിരുന്നത്.

അഹിംസാ സമരത്തിന് നേതൃത്വം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഹിംസാ സമരത്തിനു നേതൃത്വം വഹിച്ചത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനവുമായിരുന്നു.ആ രണ്ടു പ്രസ്ഥാനങ്ങളുടേയും ഗംഗായമുനാ സംഗമത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പൂര്‍ണ രൂപം കൊണ്ടത്.ആ സത്യം അവഗണിച്ചു കൊണ്ട് ചരിത്ര രചന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അന്ധരാണ്.അവര്‍ രചിച്ച ചരിത്രം എന്തുതന്നെയായാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രമാകുകയില്ല” എന്നു ആമുഖത്തില്‍തന്നെ ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ചമല്‍ലാല്‍ ആസാദ് തന്റെ പുസ്തകം ആരംഭിക്കുന്നത്.

ലാഹോറില്‍ 1913 ജൂലൈ 13 ന് ജനിച്ച എം എന്‍ സത്യാര്‍ത്ഥി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ചമല്‍ലാല്‍ ആസാദ് എന്ന തൂലികാ നാമം സ്വീകരിക്കുന്നത്. ” ഇന്ത്യാ വിഭജന കാലത്ത് ഇന്ത്യയിലേക്ക് പോന്ന അദ്ദേഹവും കുടുംബവും ശിഷ്ടകാലം അധ്യാപകനായി കഴിഞ്ഞത് കോഴിക്കോടായിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം പതിനാലാം വയസ്സിൽ ലാഹോറിലെ നാഷണൽ കോളേജിൽ ചേർന്നു.

മൗലാന സഫറലി ഖാന്റെ ‘ജമീന്ദാർ’ എന്ന മാസികയിലെ ബാലപംക്തിയിൽ സത്യാർഥി ഇടയ്ക്കിടയ്‌ക്കെഴുതും പഠനം പൂർത്തിയാക്കാതെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.1928 ൽ സൈമൺകമ്മീഷൻ ബഹിഷ്കരണവും ലാലാ ലജ്പത് റായിയുടെ രക്തസാക്ഷിത്വവും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിലും പങ്കെടുത്ത സത്യാർത്ഥി ഭീകര മർദ്ദനത്തിന് വിധേയനായി. കോടതി സത്യാർത്ഥിയെ കുറ്റക്കാരനായി കണ്ടില്ല, പക്ഷേ അദ്ദേഹത്തെ പഞ്ചാബിൽ നിന്നും നാടു കടത്തി.

പതിനാറാം വയസ്സിൽ ഏറെക്കുറെ അനാഥനായി കൽക്കത്തയിലെത്തി. അവിടെ വച്ച് ഭഗത്സിംഗുമായി പരിചയപ്പെട്ടു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസ്സോസിയേഷനിൽ അംഗമായി. തുടർന്ന് ഒളിവിൽ പോയി പഞ്ചാബിലെത്തി. രണ്ടുവർഷം അനുശീലൻ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്.

പഞ്ചാബ് ഗവർണർ ജാഫ്രഡി മോണ്ട് മോഴ്‌സി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലിൽ വച്ച് ഉറുദു ഭാഷയും സാഹിത്യവും പഠിച്ച് ഓണേഴ്സ് ബിരുദം നേടി. ആന്റമാനിലേക്കു കൊണ്ടുപോകും വഴി കൽക്കട്ടയിൽ വച്ച് രക്ഷപ്പെട്ടു.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. പിന്നീട് ഒളിവിൽ കഴിഞ്ഞു. 1935 -ൽ പാർട്ടി നിരോധനം നിലനിൽക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച സാമ്രാജ്യ വിരുദ്ധ സമ്മേളനത്തിൽ പ്രസംഗിച്ചു.

1936ൽ പഞ്ചാബ് മന്ത്രി സഭ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 1941 ൽ സുഭാഷ് ചന്ദ്രബോസിനെ പെഷവാറിൽ നിന്നും കാബൂളിലെത്തിച്ചു. 1946ൽ പ്രോഗ്രസ്സീവ് പേപ്പേഴ്സ് ലിമിറ്റഡ് എന്ന പത്രത്തിൽ ചേർന്നു. 1947-48 കാലയളവിൽ പഞ്ചാബിലുണ്ടായ ഹിന്ദു – മുസ്ലീം കലാപത്തെത്തുടർന്ന് അഭയാർത്ഥി – പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

1957 ൽ കേരളത്തിൽ കമ്മ്യൂണിസറ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെത്തി,” എന്ന് ചമല്‍ ലാലിന്റെ ധീരജീവിതത്തെ  വിക്കിപ്പീഡിയ ലഘുവായി അടയാളപ്പെടുത്തുന്നു. അധ്യാപകനായും പത്രപ്രവര്‍ത്തകനായും പരിഭാഷകനായും നമുക്കിടിയില്‍ ജീവിച്ചു പോന്ന മഹേന്ദ്ര നാഥ് സത്യാര്‍ത്ഥി എന്ന വിപ്ലവകാരി 1998 ജൂലായ് നാലിന് കോഴിക്കോട് അന്തരിച്ചു.

ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനങ്ങളുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന ചമല്‍ലാലിന് പല ധീര ദേശാഭിമാനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും അടുത്തറിയുവാനും അവസരമുണ്ടായി. ആ അനുഭവങ്ങളിലൂടെ ഭാരതത്തിലെ രക്തസാക്ഷികളെ അദ്ദേഹം രേഖപ്പെടുത്തുമ്പോള്‍ അത് നമുക്ക് പുതിയൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു, ചരിത്രത്തിന്റെ നിര്‍ണായകവും എന്നാല്‍ നാം വേണ്ടത്ര സമാരാദിക്കാത്തതുമായ വശങ്ങളെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച നല്കുന്നു.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.