Fri. Apr 19th, 2024
#ദിനസരികള്‍ 956

ചോദ്യം – ആറാമത് ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തത്തിനാണല്ലോ. എന്തു തോന്നുന്നു?
ഉത്തരം :-
“ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ
ചൊല്പടിക്കെന്നെ ബലികൊടുക്കുന്നു ഞാന്‍”
എന്നെഴുതിയത് അക്കിത്തം തന്നെയാണ്.സ്വയം പണയമായി മാറി അന്യനു വിടുവേല ചെയ്യുന്നവന്റെ ദയനീയ സ്ഥിതിയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.അതൊരു പക്ഷേ ജീവിക്കാനുള്ള ഗതികേടുകൊണ്ടുകൂടിയാകാം. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്നെഴുതിയവരും ഇവിടെയുണ്ടെന്നു കൂടി ഓര്‍മിക്കുക. അത് മാനികള്‍ക്കല്ലേ എന്നൊരു സമാധാനം നമുക്കു ചുറ്റും ചിരിച്ചു മറിയുന്നുണ്ടെന്നതു കൂടി ശ്രദ്ധിക്കുക.

അതേ പണയവസ്തുവിന്റെ സ്ഥിതിയാണ് അക്കിത്തത്തിനുമുള്ളത് എന്നു പറഞ്ഞാല്‍ അമ്പരക്കേണ്ടതില്ല. കവിതയില്‍ അദ്ദേഹം മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. എന്നാല്‍ കവിയെന്ന നിലയില്‍ പുലര്‍ത്തിപ്പോരുന്ന ആഭിമുഖ്യങ്ങള്‍ എഴുത്താശയങ്ങളില്‍ നിന്നും തികച്ചും ഭിന്നമായ ഒന്നാണെന്ന് പറയാതെ വയ്യ.

അങ്ങനെ ഉള്ളില്‍ മനുഷ്യനെ രണ്ടായി വിഭജിക്കുന്നതിന്റെ രാഷ്ട്രീയം പേറുന്ന ഒരാള്‍ എത്രയുച്ചത്തില്‍ നാമൊന്ന് നാമൊന്ന് എന്ന് കവിത പാടിയിട്ടെന്തു കാര്യം ?
“ഏറെ വര്‍ഷമായ് ചേറാണ്ടു പൂട്ടി
ചോറുണ്ണാതെ കരഞ്ഞിടും വംശം
കമ്പം തിന്നു വയറുന്തി വിങ്ങി
കട്ടച്ചോരപോയ്ക്കൂനിയ വംശം
കോരന്മാരുടെ വംശം, ഈ നാട്ടില്‍
ഭൂരിപക്ഷമാം കര്‍ഷക വംശം” –
എന്ന് പാട്ടൊക്കെ കെട്ടിയിട്ടുണ്ട്.എന്നാല്‍ വര്‍ത്തമാനകാലത്ത് ആ കര്‍ഷകവംശത്തിനെ കൊല്ലാക്കൊല ചെയ്യുന്ന മാനവികേതരമായ ആശയ സംഹിതകളോട് ഒട്ടി നില്ക്കുമ്പോള്‍ അതിനെയല്ലേ നാം കാപട്യം എന്ന് വിളിക്കുക ? അങ്ങനെ ചെയ്യുന്നവരെയല്ലേ നാം കപടന്‍ എന്നഭിവാദ്യം ചെയ്യുക ? അത്തരമൊരു ആശയമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് പല വട്ടം വ്യക്തമാക്കിയിട്ടുള്ള ആളാണ് അക്കിത്തം.

എഴുത്ത് ഒന്നും പ്രവര്‍ത്തി മറ്റൊന്നുമാകുക എന്ന കെടുതിയിലാണ് അക്കിത്തം ചുവടുറപ്പിച്ചു നില്ക്കുന്നത്. ഇത്തിരി ക്രൂരമായി പറഞ്ഞാല്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ഞരമ്പു മുറിച്ച് വീണക്ക് തന്ത്രി കെട്ടിയിട്ട് എത്ര മധുരമായി ആലപിച്ചാലും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുമോ?അങ്ങനെ ആ പാട്ടിനെ വാഴ്ത്തുന്നവരാണ് ഭൂരിപക്ഷമെങ്കിലും ഞാന്‍ ആ ഗണത്തിലേക്കില്ല. അത്തരത്തിലുള്ള ഒരാളെ പാടിപ്പുകഴ്ത്താന്‍ മനുഷ്യപക്ഷത്തു നില്ക്കുന്നവര്‍ക്ക് കഴിയുകയില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ചോദ്യം :- ഷെയ്ന്‍ നിഗമിനോട് സാംസ്കാരിക കേരളം ചെയ്യുന്നത് ശരിയാണോ ?
ഉത്തരം :- സാംസ്കാരിക കേരളം എന്തു ചെയ്തു ? നിര്‍മ്മാതാക്കള്‍ അവരിലൊരാളുടെ പരാതിയെ മുന്‍നിറുത്തി ഏകപക്ഷീയമായി ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം തൊഴിലവകാശങ്ങളുടെ ലംഘനമാണ്. അതിലുമപ്പുറം ഊരു വിലക്കിന്റെ തനി സ്വരൂപവുമാണ്. സാംസ്കാരി കേരളത്തിന് അത് അംഗീകരിച്ചു കൊടുക്കുവാന്‍ കഴിയുകയില്ല.

അയാളുടെ ഭാഗം കൂടി കേട്ടതിനു ശേഷം മാത്രമേ ഏതൊരു വിധിയും നീതിയുക്തമായി നടപ്പാക്കുവാന്‍ കഴിയുകയുള്ളു.ബാക്കിയുള്ളതെല്ലാം വെറും അസംബന്ധം മാത്രമാണ്. പൊതു സമൂഹത്തിന്റെ മുന്നില്‍ നിലനില്ക്കില്ല.

തൊഴിലിടങ്ങളില്‍ നിരുത്തവാദപരമായി പെരുമാറുന്നത് ഒരു വ്യവസായം എന്ന നിലക്ക് സിനിമയ്ക്ക് ആശാസ്യമല്ല. എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ഒരു രൂപം ഷെയിന്റെ ഭാഗം കൂടി കേട്ടാലേ നമുക്കു മനസ്സിലാകൂ.അതുകൊണ്ട് പണ്ടത്തെ നാട്ടരചന്മാരുടെ പടുതിയില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ജനാധിപത്യത്തിന്റെ കാലത്തേക്ക് ഇറങ്ങി വരണം.

പ്രശ്നങ്ങളെ ജനാധിപത്യപരമായി പരിഹരിക്കണം. അതോടൊപ്പം ഒരു കലാകാരനെന്ന നിലയില്‍ ഷെയിനിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. വിലക്ക് ഒരു ജനാധിപത്യരൂപമല്ല, ഫാസിസ്റ്റു പ്രയോഗമാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.