Sun. Dec 22nd, 2024
മുംബൈ:

മഹാരാഷ്ട്ര കേസില്‍ വിശ്വാസ വോട്ട് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നതിനു പിന്നാലെ, തോറ്റുമടങ്ങി ബിജെപി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത പുറത്ത് വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിപഥം ഒഴിയുന്നതായി ദേവേന്ദ്ര ഫഡ്നാവിസും അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്തു മൂന്നു ദിവസവും എട്ടു മണിക്കൂറും പിന്നിട്ടപ്പോഴാണ് ഫഡ്‌നാവിസിന്‍റെ രാജി. ഭൂരിപക്ഷം ഇല്ലെന്നും ഉടന്‍ ഗവര്‍ണറെ കാണുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇതോടെ മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീണു.

ത്രികക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് ശരദ് പവാറിനൊപ്പം ചുക്കാന്‍പിടിച്ച അജിത് പവാര്‍ ഒരു രാത്രി വെളുത്തപ്പോഴേക്കും ബിജെപി വലയത്തില്‍ ആകൃഷ്ടനായത് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനിരുന്ന ദിവസമായിരുന്നു ഫഡ്‌നാവിസും അജിത് പവാറും ഓര്‍ക്കാപ്പുറത്ത് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല.

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും, സംസ്ഥാനത്തെ രാഷ്ട്രപടിഭരണം പിന്‍വലിച്ചതിലും, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ വിവേചന നടപടിയിലും രാജ്യവ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

വ്യക്തമായ രാഷ്ട്രീയം കളിച്ച് ബിജെപി അധികാരം പിടിച്ചെടുത്തപ്പോള്‍, മനക്കോട്ട കെട്ടിയതൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ശിവസേനയുടെ മുഖം നഷ്ടപ്പെടുത്തിയെങ്കിലും, അങ്കലാപ്പിലായത് കോണ്‍ഗ്രസ്സായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനയെ പിന്തുണയ്ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കോണ്‍ഗ്രസ്സ്  ആക്ഷേപങ്ങള്‍ക്ക് പാത്രമായി.

ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ത്രികക്ഷികള്‍ തീരുമാനിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്താന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

നവംബര്‍ 24 ഞായറാഴ്ച ഹര്‍ജികളില്‍ വാദം കേട്ടെങ്കിലും, നവംബര്‍ 25 തിങ്കളാഴ്ച തുടര്‍വാദം കേള്‍ക്കുകയായിരുന്നു, തുടര്‍ന്ന് വിധി പറയുന്നത് 26 ചൊവ്വാഴ്ചയിലേക്ക് മാറ്റി. വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രോ ടേം സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കണം. രഹസ്യബാലറ്റ് പാടില്ല. സുതാര്യമായ വോട്ടെടുപ്പ് നടത്തണം, എന്നീ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

തങ്ങള്‍ക്കൊപ്പം 162 എംഎല്‍എമാരുണ്ടെന്നും ഒറ്റക്കെട്ടാണെന്നും പ്രഖ്യപിച്ച് ത്രികക്ഷിസഖ്യം എംഎല്‍എമാരെ ഒന്നിച്ച് അണിനിരത്തി തങ്ങളുടെ പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തുമെന്നും പ്രലോഭനങ്ങളില്‍ വീഴില്ലെന്നും പ്രതിജ്ഞ ചെയ്തിരുന്നു.

മുംബൈയിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ചവാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ത്രികക്ഷിസഖ്യം യോഗം ചേര്‍ന്നത്.

അതെ സമയം, അജിത് പവാറിനെതിരായ ഒമ്പത് അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചു കൊണ്ട് മുംബൈ പോലീസിന്‍റെ ആന്‍റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്-എന്‍സിപി ഭരണകാലത്ത് മന്ത്രിയായിരുന്ന അജിത് പവാര്‍ ജലസേചന പദ്ധതികളില്‍ 70,000 കോടിരൂപയുടെ അഴിമതി കാണിച്ചുവെന്നായിരുന്നു കേസ്.