മുംബൈ:
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി പറയുക. ജഡ്ജിമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇന്ന് വളരെ വിശദമായ വാദമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്നത്. 24 മണിക്കൂറിനുള്ളില്‍ പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് എന്‍സിപി ശിവസേന ഉള്‍പ്പെടുന്ന ത്രികക്ഷി സേനയുടെ ആവശ്യം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നും, കോടതിയല്ലെന്നുമാണ് ദേവേന്ദ്ര ഫഡ്നവിസിനു വേണ്ടി ഹാജരായ മുഗുള്‍ റോഹ്ത്തഗിയും, ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലും വാദിച്ചത്.
ഫഡ്‌നാവിസും അജിത് പവാറും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഫഡ്‌നാവിസിനയച്ച കത്തും കോടതിയില്‍ വായിച്ചു. ത്രികക്ഷികള്‍ക്കായി കപില്‍ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങാണ് ഹാജരായത്.