സിഡ്‌നി:
കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുകയാണിപ്പോള്‍. തുറമുഖ നഗരമായ സിഡ്‌നി, എയര്‍ വിഷ്വല്‍ ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ജനസാന്ദ്രതയേറിയ ഈ നഗരത്തില്‍ ഇന്നു പുലര്‍ച്ചെ കടുത്ത മൂടല്‍ മഞ്ഞാണ് ഉണ്ടായത്. കാടുകള്‍ കത്തിയ പുക മൂടല്‍ മഞ്ഞുമായി ചേര്‍ന്ന് കാഴ്ചയെ ബാധിക്കുന്നതായി ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. അന്തരീക്ഷം ഇത്രമേല്‍ മലിനമായ സാഹചര്യത്തില്‍ പുകമഞ്ഞു കൂടി ഉണ്ടാകുന്നത് അപകടകരമാണെന്ന് ന്യൂ സൗത്ത് വെയില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം പരിഹരിക്കാന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ല എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.