Mon. Dec 23rd, 2024
കൊച്ചി:

സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്തരെ പമ്പയില്‍ ഇറക്കി, നിലയ്ക്കലില്‍ പാര്‍ക്കു ചെയ്യാനും, തിരികെ പമ്പയിലെത്തി അവരെ കൂട്ടിക്കൊണ്ടു പോകാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

ഏതെങ്കിലും കാരണവശാൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ തീരുമാനം എടുക്കുന്നതിനു പൊലീസ് ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിൽ കെഎസ്ആർടിസി ബസിൽ മാത്രമാണ് പമ്പയിലേയ്ക്ക് പോകാൻ അനുമതിയുള്ളത്. എന്നാല്‍, പുതിയ നിലപാട് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാവുകയാണ്.

റിട്ട. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോൾ ഭക്തർക്ക് ഉപകാരപ്പെടും വിധം ചെറു വാഹനങ്ങൾ പമ്പയിലേയ്ക്ക് അനുവദിച്ചു കൂടെ എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും പമ്പ, ഹിൽടോപ് മേഖലകളെല്ലാം പ്രളയത്തെ തുടർന്ന് തകർന്നതിനാൽ പാർക്കിങ് അനുവദിക്കാനാവില്ലെന്നും ഇന്നലെ പത്തനംതിട്ട എസ്പി കോടതിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്നാണ് ജസ്റ്റിസ് സിടി രവികുമാർ, ജസ്റ്റിസ് എൻ നഗരേഷ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിലപാട് കോടതിയെ അറിയിച്ചത്.