അബുദാബി:
യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.
ഇന്ത്യയിൽ വന്നിറങ്ങുന്ന യുഎഇ പൗരന്മാർക്ക് വിമാനത്താവളങ്ങളിൽനിന്ന് 60 ദിവസത്തെ വിസയാണ് നൽകുക. ഒരുതവണ ലഭിക്കുന്ന വിസയിൽ രണ്ടുതവണ ഇന്ത്യ സന്ദർശിക്കാം. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുംമുമ്പ് യുഎഇ പൗരന്മാർ വിസയ്ക്കായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഇത്തരക്കാർക്ക് മാത്രമേ തത്സമയ വിസ ലഭ്യമാകൂ.
ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത, മുംബൈ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്കാണ് നിലവിൽ തത്സമയ വിസ ലഭിക്കുക. ഭാവിയിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.
യുഎഇ ക്കാർക്ക് തത്സമയ വിസ നൽകുമെന്ന് നേരത്തേതന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ സേവനം ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിന്‍റെ ഉദാഹരണമാണെന്ന് യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് യുഎഇ ക്കാരാണ് ബിസിനസ് യോഗങ്ങൾ, ചികിത്സ, വിനോദസഞ്ചാരം എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കുന്നത്.