പത്തനംതിട്ട:
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിജിപി പറഞ്ഞു.
മണ്ഡല പൂജകള്‍ക്കും, മകരവിളക്കുത്സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറത്തു വിട്ട പഴയവിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ശബരിമല മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി സ്ഥാനമേല്‍ക്കും.
നാളെയാണ് മണ്ഡല മകരവിളക്കുത്സവത്തിന്റെ പൂജകളും ചടങ്ങുകളും ആരംഭിക്കുന്നത്. ശബരിമല ഹര്‍ജികളിലെ സുപ്രീം കോടതി വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുയരുന്ന സാഹചര്യത്തില്‍, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിലവില്‍ മുന്ന് സ്പെഷല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. സന്നിധാനത്ത് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
36 യുവതികള്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍, അതിനാല്‍ ഈ മണ്ഡലകാലം ഏറെ നിര്‍ണ്ണായകമാവുകയാണ്.