Sun. Dec 22nd, 2024
#ദിനസരികള്‍ 941

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്‌തംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിക്കുന്നത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് നടത്തിയ തീര്‍ത്തും ശരിയായ ആ വിധിക്കെതിരെ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് ചരിത്രം.

ഏറെ കോലാഹലമുണ്ടാക്കിയ ആ വിധിയില്‍ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഏഴംഗ വിശാല ബെഞ്ചിന് കൈമാറാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്നലെ തീരുമാനിച്ചത്.

അതോടെ കഴിഞ്ഞ കുറേ കൊല്ലങ്ങളായി – 2006 ലാണ് യുവതി പ്രവേശനത്തിനു വേണ്ടിയുള്ള ഹര്‍ജി കോടതിയിലെത്തുന്നത് – എല്ലാ കക്ഷികളേയും കേട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി വീണ്ടും നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും.

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തൊട്ടു നില്ക്കുന്ന നിരവധി മേഖലകള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും പരിശോധിക്കപ്പെടാനുണ്ടെന്നാണ് പുനപരിശോധനാ ഹരജികള്‍ പരിശോധിച്ച സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത്! അങ്ങനെ പ്രാധാന്യമുള്ള ഏഴോളം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാണിക്കുന്നു.

ഏഴംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്ന് നിര്‍‍‍‌ദ്ദേശിക്കപ്പെട്ട വിഷയങ്ങളെ മാതൃഭൂമി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :-
1.മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും, ലിംഗ സമത്വം ഉറപ്പാക്കുന്ന 14-ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം.
2. ഭരണഘടനയുടെ 25(1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണമെന്ന് പരിശോധിക്കണം
3.ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ അതെന്ന്‌ പരിശോധിക്കണം
4.ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ, അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?
5.അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ? 6.ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം
7.ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?

വിഷയങ്ങളെ അനാവശ്യമായി സങ്കീര്‍ണമാക്കുവാനുള്ള ശ്രമമാണ് ഈ ചോദ്യങ്ങളിലുള്ളത് എന്നല്ലാതെ അവയില്‍ മറ്റൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. ഏഴു ചോദ്യങ്ങളുടേയും ആന്തരിക സത്ത ഒന്നാണ്. മതമൂല്യങ്ങളാണോ അതോ ഭരണഘടനാ മൂല്യങ്ങളാണോ രാജ്യത്തെ ഒരു പൌരന്‍ പിന്തുടരേണ്ടത് എന്നതാണ് ഈ ചോദ്യങ്ങളെല്ലാം ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്ന ഒരേയൊരു കാര്യം. അതിനെയാണ് ഇഴ പിരിച്ചെടുത്ത് വലിയ ഭരണ ഘടനാ വിഷയമായി അവതരിപ്പിക്കുന്നത്.

നമ്മുടെ ഭരണഘടനയുടെ ആമുഖം മാത്രം മതി ഈ ചോദ്യങ്ങളെ നേരിടുവാനെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെന്ന് ആര്‍‌ക്കെങ്കിലും തോന്നുന്ന പക്ഷം അത്ര നിഷ്കളങ്കവും നിഷ്പക്ഷവുമായിരിക്കില്ലെന്നും സങ്കുചിതമായ താല്പര്യങ്ങള്‍ അതിനു പിന്നിലുണ്ടായിരിക്കുമെന്നും ഉറപ്പാണ്.

അതുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് എതിരെ വരുന്ന മറ്റെല്ലാം തന്നെ തള്ളിക്കളയുക എന്നു മാത്രമാണ് ചെയ്യാനുള്ളത്. ലിംഗസമത്വം , തുല്യത എന്നിവയെല്ലാം തന്നെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായതുകൊണ്ടു അക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒരു സംശയത്തിനും പ്രസക്തിയില്ലതന്നെ.

മതേതര ജനാധിപത്യ രാജ്യത്ത് മതമൂല്യമാണോ ഭരണഘടനാ മൂല്യമാണോ നടപ്പിലാക്കേണ്ടത് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഭരണഘടനാമൂല്യങ്ങളെ ഉള്‍‌ക്കൊണ്ട് കാലത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടുന്ന മതമൂല്യങ്ങള്‍ മാത്രമേ നിലനില്ക്കേണ്ടതുള്ളുവെന്നാണ് ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ കണ്ടത്.

അത് മനസ്സിലാക്കി നമ്മുടെ ന്യായാസനങ്ങള്‍ പെരുമാറിയില്ലെങ്കില്‍ സതിയടക്കമുള്ളവ തിരിച്ചു വരാന്‍ അധികം താമസമുണ്ടാകില്ല. ത്വലാക്ക് നിറുത്തലാക്കിയ വിധി നമ്മുടെ ന്യായാധിപര്‍ ഒരു തവണ കൂടി വായിക്കേണ്ടതുണ്ട്.

ഇവിടെ 2018 ലെ സുപ്രിംകോടതി വിധിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ബലിയാടാകുന്ന സാഹചര്യമാണല്ലോ ഉള്ളത്. പുനപരിശോധനാ ഹരജികളില്‍ തീരുമാനമാകാത്തതുകൊണ്ട് യുവതി പ്രവേശന വിധി ഇപ്പോഴും നിലനില്ക്കുന്നു. എന്നാല്‍ വിധിയ്ക്ക് സ്റ്റേയുണ്ട് എന്നാണ് യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കുമ്മനത്തെപ്പോലെയുള്ളവര്‍ വാദിക്കുന്നത്.

വിധി സ്വാഗതാര്‍ഹം, സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കരുത് എന്നാണ് കുമ്മനം പ്രസ്താവിച്ചത്. പന്തളം കൊട്ടാരവും മറ്റു സംഘടനകളും ഇതേ അര്‍ത്ഥത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഈ മണ്ഡല കാലത്തും കേരളത്തില്‍ കലാപം നടത്താന്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നു തന്നെയാണ്. നാമജപ ഘോഷക്കാരും തേങ്ങയടിക്കാരും തയ്യാറായിക്കഴിഞ്ഞിരിക്കുന്നുവെന്നര്‍ത്ഥം.

ഈ സാഹചര്യത്തില്‍ സാധാരണക്കാരായ വിശ്വാസികളെ മതവര്‍ഗ്ഗീയവാദികള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് സര്‍ക്കാറിന് ചെയ്യാനുള്ളത്. അതുകൊണ്ട് 2018 ലെ വിധി പാലിക്കേണ്ടതുണ്ടോയെന്ന ചോദ്യവുമായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയല്ല ശബരിമലയില്‍ യുവതികളെ പ്രവേശിക്കാനുദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നും അങ്ങനെയൊരു നീക്കമുണ്ടായാല്‍ യുവതികള്‍ക്ക് കോടതിയെ സമീപിക്കാം. അപ്പോഴെങ്കിലും കോടതിയ്ക്ക് വ്യക്തമായ നിര്‍‍‌ദ്ദേശം നല്കേണ്ടി വരുമല്ലോ. അതനുസരിച്ച് സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യും.

അതല്ലാതെ സര്‍ക്കാര്‍ വിശദീകരണത്തിനു വേണ്ടി കോടതിയെ സമീപിച്ചാല്‍ അങ്ങനെ ചെയ്തതുകൊണ്ടാണ് കോടതി 2018 ലെ വിധി സ്റ്റേ ചെയ്യാതിരുന്നതെന്നതടക്കമുള്ള ബാലിശമായ ഒരു പാടു ന്യായങ്ങള്‍ വിശ്വാസികളുടെ മുന്നില്‍ ഉന്നയിക്കപ്പെടും.2018 ലെ വിധിയാണ് ശരിയെങ്കിലും അതിനെ ഉപയോഗിച്ച് മുതലെടുപ്പിന് അവസരം സൃഷ്ടിക്കാതിരിക്കാനുള്ള ബുദ്ധിയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.

മതവത്കരിക്കപ്പെടുന്ന ഒരു രാജ്യത്തിലേക്കാണ് നാം അതിവേഗം കൂപ്പുകുത്തുകയാണ്. കേരളമാണ് അവശേഷിക്കുന്ന ഒരേയൊരു തുരുത്ത്. അതുംകൂടി ഹിന്ദുത്വവാദികളുടെ കാല്‍ച്ചുവട്ടിലെത്തിക്കുവാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന കരുതല്‍ ഭരിക്കുന്നവര്‍ക്ക് ഉണ്ടാകണം. ആ സാഹചര്യത്തില്‍ കരുതലോടെയുള്ള കാവല്‍ എന്നാകട്ടെ കേരളത്തിന്റെ മുദ്രാവാക്യം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.