Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 150 റൺസിന്‌ ഓൾ ഔട്ടാക്കി.

ഇന്ത്യന്‍ നിരയില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഇറക്കി മത്സരം തുടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ബംഗ്ലാദേശ് നിരയിലെ 8 വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയ ഇന്ത്യനും ഇഷാന്ത് ശര്‍മ്മയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ നേടാന്‍ അശ്വിനായി.

ബംഗ്ലാദേശ് ടീമിൽ 43 റണ്‍സ് എടുത്ത മുഷ്‌ഫിഖുര്‍ റഹീമും 37 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മോമിനുള്‍ ഹഖും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെതിരെ പിടിച്ചു നിന്നത്. രണ്ടക്കം കടക്കുന്നതിന് മുന്‍പ് തന്നെ ബംഗ്ളദേശ് ഓപ്പണര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം എളുപ്പത്തിൽ കൈയിലാക്കി

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത് . കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ട്വന്റി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.